ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; വിടി ബല്‍റാം

Balram

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ വിടി ബല്‍റാം. ‘ഞങ്ങളുടെ മതത്തെ മാത്രമേ ഇങ്ങനെ കടന്നാക്രമിക്കുന്നുള്ളൂവല്ലോ’ എന്ന പതിവ് പ്രചരണവും എരിതീയില്‍ എണ്ണയൊഴിക്കാന്‍ വേണ്ടി ചില തത്പരകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിധി മതവിശ്വാസങ്ങള്‍ക്കെതിരല്ല എന്നതാണ് കോടതിയുടെ പക്ഷമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിധി സുപ്രീം കോടതിയുടേതാണ്, അതിനാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ് എന്ന നിലയിൽ മാത്രമല്ല, ഈ വിധി പുരോഗമനപരവും നീതി സങ്കൽപ്പങ്ങളെ കൂടുതൽ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടിൽത്തന്നെയാണ് അതിനെ പൂർണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നത്.

ഭരണഘടനയുടെ 25ആം ആർട്ടിക്കിൾ പൗരന്റെ വിശ്വാസ സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതാണ്. എന്നാൽ അതിനു വിരുദ്ധമായ തരത്തിൽ മതവിശ്വാസങ്ങൾക്ക് മേലുള്ള ഒരു കടന്നുകയറ്റമായാണ് ഈ വിധിയെ പലരും നിരീക്ഷിക്കുന്നത്. “ഞങ്ങളുടെ മതത്തെ മാത്രമേ ഇങ്ങനെ കടന്നാക്രമിക്കുന്നുള്ളൂവല്ലോ” എന്ന പതിവ് പ്രചരണവും എരിതീയിൽ എണ്ണയൊഴിക്കാൻ വേണ്ടി ചില തത്പരകക്ഷികൾ ഉയർത്തുന്നുണ്ട്. എന്നാൽ ഈ വിധി മതവിശ്വാസങ്ങൾക്കെതിരല്ല എന്നതാണ് കോടതിയുടെ പക്ഷം. കാരണം, സ്ത്രീകളെ അകറ്റി നിർത്തുന്നത് ഹിന്ദു മതത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ ഒരു വിശ്വാസ പ്രശ്നമല്ല എന്നാണ് കോടതി നിരീക്ഷിക്കുന്നത്, അഥവാ കോടതിയെ മറിച്ച് ബോധ്യപ്പെടുത്താൻ പാരമ്പര്യ സംരക്ഷണ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതായത്, ഓരോ മതവുമായും ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസങ്ങൾ സംരക്ഷിക്കാൻ കോടതി ഇനിയും കൂട്ടിനുണ്ടാവുമെന്നും എന്നാൽ ശബരിമലയിലെ സ്ത്രീ വിലക്കിന് അങ്ങനെ ഹിന്ദുമതത്തിന്റെ ഏതെങ്കിലും പ്രാമാണിക ഗ്രന്ഥങ്ങളുടേയോ മറ്റോ പിന്തുണ ഉണ്ടെന്ന് തെളിയിക്കപ്പെടാത്തതിനാൽ അതിനെ അർത്ഥമില്ലാത്ത ഒരു വിവേചനമായി കണക്കാക്കേണ്ടി വരുമെന്നുമാണ് കോടതിയുടെ ലോജിക്.

വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും യുക്തി തിരയുന്നത് അർത്ഥശൂന്യമാണെന്ന വാദം, വിധി പ്രഖ്യാപിച്ച പാനലിലെ ഒരു ജഡ്ജിയടക്കം പലരും ഉയർത്തുന്നതായി കാണുന്നുണ്ട്. എന്നാൽ ഇവിടെ യുക്തി തിരയുകയല്ല, പ്രകടമായ ഒരു യുക്തിഹീനതയെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുകയാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി നിർവ്വഹിക്കുന്നത്. ഇങ്ങനെ യുക്തിഹീനതകളെ മനസ്സിലാക്കാൻ കഴിയുന്നത് കാലാകാലങ്ങളിൽ സമൂഹത്തിലുണ്ടാവുന്ന സാംസ്ക്കാരിക ഉണർവുകളുടെ ഭാഗമായാണ്. അത് പതുക്കെപ്പതുക്കെയേ ഉണ്ടാവുകയുള്ളൂ. എല്ലാവർക്കും ഒറ്റയടിക്ക് ഇത്തരം തിരിച്ചറിവുകളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നും വരില്ല. ഒരു വലിയ വിഭാഗം വിശ്വാസികളെ അവർ യാദൃച്ഛികമായി ജനിച്ച ജാതിയുടെ പേരിൽ ഒരുപാട് കാലം ക്ഷേത്രങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരുന്നതിനും അന്നത്തെക്കാലത്ത് വിശ്വാസപരമായ കുറേ ന്യായീകരണങ്ങൾ മുന്നോട്ടുവക്കപ്പെട്ടിരുന്നു. എന്നാൽ അത്തരം വിശ്വാസങ്ങൾക്കപ്പുറമാണ് മനുഷ്യർ തമ്മിലുള്ള സമത്വത്തിന്റെ പ്രാധാന്യം എന്ന് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുടെ ഭാഗമായി സമൂഹത്തിന് തിരിച്ചറിവുണ്ടായപ്പോഴാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കളമൊരുങ്ങിയത്.

പാരമ്പര്യങ്ങളേയും വിശ്വാസങ്ങളേയും നാട്ടുനടപ്പുകളേയുമൊക്കെ ഇങ്ങനെ നിരന്തരം പുതിയ മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി, ഒഴിവാക്കേണ്ടവയെ ഒഴിവാക്കി, നിലനിർത്തേണ്ടതിനെ നിലനിർത്തി മുന്നോട്ടുപോവുന്ന സാമൂഹ്യ, സാംസ്ക്കാരിക ഇടപെടലുകളെയാണ് നാം നവോത്ഥാനമെന്ന് പൊതുവിൽ വിളിക്കുന്നത്. അതൊരു തുടർപ്രക്രിയയാണ്. ഏത് ജാതിയിൽ പിറക്കണമെന്നത് ആരുടേയും ചോയ്സ് അല്ലാത്തത് പോലെ സത്രീയാണോ പുരുഷനാണോ എന്നതിലും സാധാരണ നിലക്ക് ആളുകൾക്ക് ഒരു ചോയ്സ് ഇല്ലല്ലോ. ആ നിലക്ക് സ്ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താൽ വിവേചനം അടിച്ചേൽപ്പിക്കുന്നത് ജാതീയമായ വിവേചനത്തേപ്പോലെത്തന്നെ തെറ്റായിക്കാണേണ്ടതുണ്ട്. ആർത്തവത്തേക്കുറിച്ചും അശുദ്ധി സങ്കൽപ്പങ്ങളുടെ പ്രസക്തിയേക്കുറിച്ചുമൊക്കെ പുതിയ തിരിച്ചറിവുകൾ സമൂഹത്തിനുണ്ടാവുമ്പോൾ ആചാരങ്ങളുടെ മാറ്റവും സ്വാഭാവികമായിത്തന്നെ സംഭവിക്കേണ്ടതാണ്. ചിലർക്ക് അതെല്ലാം ഒറ്റയടിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് നേരത്തേപ്പറഞ്ഞപോലെ അവരവരുടെ ഇന്നത്തെ സാമൂഹിക വീക്ഷണത്തിന്റെ പരിമിതിയായി കണക്കാക്കിയാൽ മതി. ഏതായാലും സമൂഹത്തിന് പതുക്കെപ്പതുക്കെയാണെങ്കിലും മുന്നോട്ടുള്ള ചുവടുകൾ വച്ചേ പറ്റൂ.

ഇന്നാട്ടിലെ എല്ലാ സ്ത്രീകളും നാളെത്തൊട്ട് ശബരിമലക്ക് പോകണം എന്ന് ഒരു നിർബ്ബന്ധവുമില്ല. യഥാർത്ഥത്തിൽ പെരിയാർ ടൈഗർ റിസേർവ്വിലുൾപ്പെട്ട അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖല എന്ന നിലയിൽ ശബരിമലയിൽ പരമാവധി മനുഷ്യസാന്നിദ്ധ്യം കുറച്ചു കൊണ്ടുവരാനാണ് ദീർഘകാലാടിസ്ഥാനത്തിലെങ്കിലും നാം ശ്രമിക്കേണ്ടത്. അവിടെ നടക്കുന്ന ഓരോ വികസന പ്രവർത്തനവും പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ ഘട്ടത്തിൽ ഇത്തരം സാമാന്യബോധമുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നത് മറ്റൊരു വിഷയമായിത്തന്നെ പ്രത്യേകം ചർച്ച ചെയ്യേണ്ടതാണ്.

സ്ത്രീ പ്രവേശനത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റേയും പേരിൽ എതിർക്കുന്നവരിൽ നല്ലൊരു പങ്ക് സ്ത്രീകൾ തന്നെയാണെന്നും കാണാവുന്നതാണ്. ഒരു പുരുഷ കേന്ദ്രിത സമൂഹത്തിന്റെ മൂല്യബോധങ്ങൾക്കകത്താണ് അവർ വളർന്നുവന്നത് എന്നതിനാൽ ഇതിലൊട്ടും അത്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യം എപ്പോഴും ഒരു വലിയ വെല്ലുവിളി കൂടിയാണ്. അതിന്റെ അസന്നിഗ്ധതകളെ ഒറ്റയടിക്ക് ഉൾക്കൊള്ളാനല്ല, പതിവ് പാരതന്ത്ര്യങ്ങളുടെ കൃത്രിമ സുരക്ഷിതത്ത്വത്തിൽ അടങ്ങിയൊതുങ്ങിക്കഴിയാനാണ് പലർക്കും താത്പര്യമുണ്ടാവുക. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് അബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ചപ്പോൾ തങ്ങൾക്ക് നാഥരില്ലാതായിപ്പോയതിൽ വിലപിച്ചവർ ഒരുപാടുണ്ടായിരുന്നു എന്നാണ് ചരിത്രം. ഏതായാലും സ്ത്രീ എന്ന സ്വാഭാവിക ജൈവാവസ്ഥയുടെ പേരിൽ ഒരു വിവേചനം നേരിടാൻ തയ്യാറല്ല എന്നു ചിന്തിക്കുന്ന ഏതൊരു സ്ത്രീയേ സംബന്ധിച്ചും ഈ കോടതിവിധി അഭിമാനകരമാണ്. അവർ എണ്ണത്തിൽ എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും അവർക്കൊപ്പമാണ് നീതിബോധവും ജനാധിപത്യ ബോധവുമുള്ളവർ നിലകൊള്ളേണ്ടത്.

Top