തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എംഎല്‍എ വിടി ബല്‍റാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയം കൂടിയാണ് ഇത്. എംബി രാജേഷിനെ പോലുള്ളവരുടെ യഥാര്‍ത്ഥ ആര്‍ജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനുള്ള ഒരു അവസരമാണ് ഇതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൻ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാൽ ബ്രൂവറി, ഡിസ്റ്റിലറി അനുമതികൾ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണ് ഇത്. തെളിവുകളുടെ പിൻബലത്തിൽ പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങൾ ജനങ്ങൾ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നത്. ഈ വിഷയം ഉയർത്തി ശക്തമായ സമരം നയിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നു. പിണറായി വിജയൻ എന്ന സർവ്വാധിപതിയെ ഭയന്ന് ഇത്ര ജനദ്രോഹകരമായ പദ്ധതിക്കെതിരെപ്പോലും ഒരക്ഷരം മിണ്ടാൻ കഴിയാതെപോയ പാലക്കാട് എംപിയും വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ നേതാവുമായ എംബി രാജേഷിനെപ്പോലുള്ളവരുടെ യഥാർത്ഥ ആർജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനും ഇതൊരു അവസരമായി.