രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസ്സ് നേതാവ്; ശബരിമല വിഷയത്തില്‍ വിടി ബല്‍റാം

Balram

കൊച്ചി: ശബരിമല വിഷയത്തില്‍ ഏറെ നാളുകള്‍ക്കു ശേഷം പ്രതികരണമറിയിച്ച് കോണ്‍ഗ്രസ്സ് എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേ പടി നിലനിര്‍ത്തുന്നു. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സ് നേതാവ് എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി
ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓർക്കുക; രാഹുൽ ഗാന്ധിയാണ്,
രാഹുൽ ഈശ്വറല്ല
കോൺഗ്രസിന്റെ നേതാവ്.

Top