കൊച്ചി: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് തയ്യാറകാത്തതെന്ന് എംഎല്‍എ വിടി ബല്‍റാം. അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാർ വിലാസം യുവജന സംഘടന ഡിവൈഎഫ്ഐയും പരസ്യമായി ആവശ്യപ്പെട്ടിട്ടും അഞ്ച് ദിവസം പിണറായി വിജയൻ സർക്കാർ അനങ്ങിയില്ല. അവസാനം മുൻ കെ എസ് യു നേതാവും വീക്ഷണത്തിലെ പത്രപ്രവർത്തകനുമായ ഷൈബിൻ നന്മണ്ടയുടെ പരാതിയിലാണ് മറ്റ് നിവൃത്തിയില്ലാതെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
ഏതായാലും ജാമ്യമില്ലാത്ത ഒരു ക്രിമിനൽ കേസിലെ പ്രതിയാണ് ഇപ്പോൾ വടക്കുനിന്ന് പോലീസ് സംരക്ഷണത്തിൽ ജാഥയും നയിച്ചുകൊണ്ട് വരുന്ന ശ്രീധരൻപിള്ള. അദ്ദേഹത്തിനെതിരെ ഇനി എന്ത് നടപടിയാണ് സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒറിജിനൽ രഥയാത്രയും നയിച്ചുവന്ന സാക്ഷാൽ എൽ.കെ. അദ്വാനിയെ ഇടക്കുവെച്ച് അറസ്റ്റ് ചെയ്യാൻ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനേപ്പോലുള്ള മുഖ്യമന്ത്രിമാർ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കേന്ദ്ര ഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്ത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്. ഇന്നിപ്പോൾ കേരളത്തിന്റെ മതസൗഹാർദ്ദാന്തരീക്ഷത്തെ തകർത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആർഎസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനൽ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളത്.