നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ഫേസ്ബുക്കില്‍ പൊങ്കാല; വിശദീകരണമുമായി വി.ടി ബല്‍റാം

Balram

തിരുവനന്തപുരം: നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ചയായി വി.ടി ബല്‍റാം എ.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പ് നോട്ടുനിരോധനത്തെ പിന്തുണച്ച് ഇട്ട പോസ്റ്റ് വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നോട്ട് നിരോധനത്തേക്കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളിട്ടാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ പതിവ് തെറിവിളി അരങ്ങ് തകര്‍ക്കുന്നത്. നോട്ട് നിരോധന പ്രഖ്യാപനം വന്ന ആദ്യ മണിക്കൂറുകളിലെ പ്രതികരണമായിരുന്നു എന്റേത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥ് അടക്കമുള്ള ഒരുപാട് വിദഗ്ദര്‍ ആദ്യ ദിവസങ്ങളില്‍ നിരോധനത്തെ സ്വാഗതം ചെയ്തവരാണ്.

എന്നാല്‍ പിറ്റേ ദിവസം, അതായത് നവംബര്‍ 9 ന്, കേരള നിയമസഭയില്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ചട്ടം 300 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന്റെ ആദ്യ ഭാഗമാണിത്. നോട്ട് നിരോധനത്തെ തുടക്കം മുതല്‍ എതിര്‍ത്ത വ്യക്തിയായിട്ടാണ് ഡോ. തോമസ് ഐസക്ക് ഗണിക്കപ്പെടുന്നത്. ചാനല്‍ ബൈറ്റുകളില്‍ അദ്ദേഹം നോട്ട് നിരോധനത്തെ എതിര്‍ത്തിരുന്നതായി ഞാനും കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം പോലും ആലോചിച്ച് എഴുതിത്തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നിയമസഭയില്‍ അവതരിപ്പിച്ച ഈ പ്രസ്താവനയില്‍ പറയുന്നത് നോട്ട് നിരോധനം കള്ളനോട്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യും (നിര്‍മ്മാര്‍ജ്ജനം എന്നു വച്ചാല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കും എന്നര്‍ത്ഥം) എന്നും കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഭാഗിക നേട്ടം ഉണ്ടാക്കുമെന്നുമാണ്. നടപ്പാക്കലിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനേക്കുറിച്ചാണ് തുടര്‍ന്ന് ധനമന്ത്രി പറയുന്നത്.

തോമസ് ഐസക് പ്രവചിച്ചത് പോലെ നോട്ട് നിരോധനം ഇന്ത്യയിലെ കള്ളനോട്ട് ഇല്ലാതാക്കിയോ? കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഐസക് പറഞ്ഞ ചെറിയ ഒരളവെങ്കിലും നേട്ടം ഉണ്ടായോ? ഇല്ലല്ലോ? ധനകാര്യ വിദഗ്ദനും ധനമന്ത്രി എന്ന നിലയില്‍ നിരവധി ആധികാരിക രേഖകളുടെ ആക്സസുമുള്ള ഡോ. തോമസ് ഐസക്കിനുപോലും ആദ്യ അഭിപ്രായം ഇങ്ങനെയായിരുന്നു എങ്കില്‍ ഈവക വിഷയങ്ങളില്‍ കേവലധാരണ മാത്രമുള്ള എന്നേപ്പോലൊരാളുടെ പ്രാഥമിക പ്രതികരണം തെറ്റിപ്പോയതില്‍ അത്ഭുതമുണ്ടോ? മൂന്നാമത്തെ ദിവസം എന്റെ ആദ്യ നിലപാട് തിരുത്തി ഞാനിട്ട പോസ്റ്റ് ഇവരെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയ സൗകര്യത്തിനായി കണ്ണടച്ച് ഇരുട്ടാക്കുന്നു.

സൈബര്‍ അന്തം കമ്മികളേ, ഒരു ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരികള്‍ നിര്‍ണ്ണായക സമയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്ദേശ്യശുദ്ധിയോടെയായിരിക്കും എന്ന് അനുമാനിക്കുക, ആ നിലയില്‍ അതിനെ പിന്തുണക്കുക എന്നതാണ് പൗരന്മാര്‍ സാധാരണ ഗതിയില്‍ ചെയ്യുക. ആദ്യ അനുമാനങ്ങള്‍ തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ ദുരഭിമാനം കൂടാതെ തിരുത്തുക എന്നതും പൗരന്റെ ഉത്തരവാദിത്തമാണ്. ഈ പ്രളയദുരന്തകാലത്ത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് നല്‍കുന്ന പിന്തുണയും ആ നിലക്കുള്ളതാണ്. 374 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ഒരു അഴിമതി കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിട്ടും വിചാരണ നേരിടാതെ ഒഴിവായിപ്പോന്ന, വീണ്ടും പ്രതിചേര്‍ക്കണമെന്ന അപേക്ഷ ഇപ്പോഴും കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് പൊതുജനങ്ങളില്‍ നിന്ന് ഒരു മാസത്തെ വരുമാനം സംഭാവന ചോദിക്കുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല, ഈ സാഹചര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് ഉചിതമല്ല എന്ന് കരുതിത്തന്നെയാണ് എല്ലാം മറന്ന് ഈ നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത്. നാളെ മറിച്ച് ചിന്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന്ന് ഇതേ ജനങ്ങള്‍ക്ക് ഒരു മടിയും ഉണ്ടാകില്ല എന്ന് മറക്കരുത്.

അതു കൊണ്ട് അന്തം കമ്മികളേ പ്ലീസ്, ഒരുപാട് ഓവറാക്കി വെറുപ്പിക്കരുത്.

Top