കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വൃത്തികെട്ട മനസ്സിന്റെ ഉടമയാണെന്ന് എംഎല്‍എ വിടി ബല്‍റാം. നല്ലൊരു പെരുന്നാള്‍ ദിവസമായിട്ടി വര്‍ഗീയതയും കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയുള്ള പരമാര്‍ശത്തിന് മറുപടിയായി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നും ബല്‍റാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എത്ര വൃത്തികെട്ട മനസ്സിൻ്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണൻ! നല്ലോരു പെരുന്നാൾ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വർഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാർത്ഥ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതാവുമ്പോൾ ബിലോ ദ ബെൽറ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിൻ്റെ രീതിയാണ്. അക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
പിണറായി സർക്കാരിൻ്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തിൽ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ഭംഗിയായി നിർവ്വഹിക്കുന്നതുകൊണ്ടാണ് ഈ സർക്കാരിൻ്റെ കാട്ടു കൊള്ളകൾ ഇന്ന് കേരളം ഗൗരവപൂർവ്വം ചർച്ച ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായി വന്നത്. ആദ്യകാലങ്ങളിൽ പ്രതിപക്ഷ നേതാവിനേയും അദ്ദേഹമുയർത്തിയ ആരോപണങ്ങളേയും പുച്ഛിച്ച് തളളാനും മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായ പിന്തുണ അർപ്പിക്കാനും മത്സരിച്ച മാധ്യമങ്ങളൊക്കെ മെല്ലെ മെല്ലെ കളം മാറ്റിത്തുടങ്ങിയതും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സർക്കാർ പലതിലും ഒളിച്ചു കളിക്കുകയാണെന്നുമുള്ള ബോധ്യം എല്ലാവർക്കും ഉണ്ടായിവന്നതിൻ്റെ ഭാഗമായാണ്. ഇതൊക്കെയാണിപ്പോൾ കോടിയേരി ബാലകൃഷ്ണൻ്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ ദീർഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകൻ ആ സ്കൂളിലെ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവമുണ്ടായത്. ഇന്നേ വരെ ബാലകൃഷ്ണൻ അതിനേക്കുറിച്ച് വാ തുറന്നിട്ടില്ല. പോക്സോ വകുപ്പുകൾ പോലും ചുമത്താതെ ആ കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, പ്രതിക്ക് അനായാസമായി ജാമ്യം ലഭിക്കുമ്പോൾ, മുൻ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹത്തിന് മിണ്ടാട്ടമില്ല.
ഇതുപോലെതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുൾപ്പെട്ട സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ബിജെപി നേതാക്കളുടേയും നിലപാട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബിജെപി നേതാവായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആദ്യ ദിവസങ്ങളിലെ ആവേശത്തിന് ശേഷം ഇപ്പോൾ സമ്പൂർണ്ണ മൗനത്തിലാണ്. എൻഐഎക്ക് മൂക്കുകയറിട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ മുഴുവൻ രക്ഷിച്ചെടുക്കാനുള്ള ക്വട്ടേഷനാണ് ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഏറെയാണ്.
ഈ പരസ്പര സഹകരണ മുന്നണിയുടെ നെറികേടുകളെ മറച്ചു പിടിക്കാനായി കോൺഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ രാഷ്ട്രീയാരോപണങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണൻ വരുന്നതെങ്കിൽ അത് ആ നിലക്കെങ്കിലും മനസ്സിലാക്കാൻ കഴിയും. എന്നാൽ നിലവിൽ 64 വയസ്സുള്ള, അര നൂറ്റാണ്ടോളമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന രമേശ് ചെന്നിത്തലയേക്കുറിച്ച് ഒന്നും പറയാനില്ലത്തത് കൊണ്ട് അദ്ദേഹത്തിൻ്റെ യശശ്ശരീരനായ പിതാവിനേക്കുറിച്ച് പോലും ദുരാരോപണമുന്നയിക്കുന്ന ഹീന മനസ്സാണ് കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നത്. തിരിച്ച് കോടിയേരിയുടെ കുടുംബ മഹത്വത്തേക്കുറിച്ച് ചർച്ച ചെയ്യിച്ച് പ്രശ്നങ്ങളെ ആ നിലക്ക് വഴിതിരിച്ചു വിടണമെന്നായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി ആഗ്രഹിക്കുന്നത്. അത് പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് താനും. സ്വയം നാറിയിട്ടാണെങ്കിലും സ്വന്തം സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അദ്ദേഹത്തിൻ്റെ പാർട്ടിക്കൂറിനേയും യജമാന സ്നേഹത്തേയും അംഗീകരിക്കുന്നു.
ഏതായാലും ആ നിലക്കുള്ള പ്രചരണം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ജനങ്ങളോട് പറയാനുള്ളത് ഈ സർക്കാരിൻ്റെ ജനദ്രോഹങ്ങളേയും അഴിമതിയേയും കള്ളക്കടത്ത് പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളേയും കുറിച്ച് മാത്രമാണ്. ജനങ്ങൾക്ക് മുമ്പിൽ അത് അവതരിപ്പിക്കുന്നതിൽ നിന്ന് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിനെ പിന്തിരിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണൻ്റെ നിലവാരം കുറഞ്ഞ ശ്രമങ്ങൾ കൊണ്ട് കഴിയില്ല എന്നുറപ്പ്.