സാലറി ചലഞ്ച് ‘പിടിച്ചുപറി’ സര്‍ക്കാര്‍ അവസാനിപ്പിക്കണം; വിടി ബല്‍റാം

Balram

കൊച്ചി: കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ടുവെച്ച സാലറി ചലഞ്ച് എന്ന പിടിച്ചുപറിയില്‍ നിന്ന് പിന്മാറണമെന്ന് എംഎല്‍എ വിടി ബല്‍റാം. ഇതിനു വേണ്ടി പുറത്തിറക്കിയ അസംബന്ധ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാലറി ചലഞ്ച് എന്ന പേരിലുള്ള legalised plunder അഥവാ നിയമമാക്കപ്പെട്ട പിടിച്ചുപറിയിൽ നിന്ന് പിണറായി വിജയൻ സർക്കാർ അടിയന്തിരമായി പിന്മാറണം. ഇതിനുവേണ്ടി ഇറക്കിയ അസംബന്ധ ഉത്തരവ് പിൻവലിക്കണം. ഒരക്ഷരം മിണ്ടാതുരിയാടാതെ, “പക്ഷേ” എന്ന് പറയാതെ, ഒരു മാസത്തെ ശമ്പളം കണ്ണുമടച്ച് എടുത്തുനൽകാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണം എന്നാണ് സർക്കാരിന്റെ ആഗ്രഹം. സോഷ്യൽ പ്രഷറൈസേഷനും ഇമോഷണൽ ബ്ലാക്മെയിലിംഗും നേരിട്ടുള്ള ഭീഷണിയും സ്ഥലം മാറ്റമടക്കമുള്ള പ്രതികാര നടപടികളുമൊക്കെക്കഴിഞ്ഞ് മോബ് ലിഞ്ചിംഗ് വരെ എത്തിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ:

1) ജനങ്ങൾ സർക്കാരിന് നിർബ്ബന്ധമായും കൊടുക്കാൻ ബാധ്യതപ്പെട്ടത് നികുതി മാത്രമാണ്. നിയമസഭയിൽ നിർദ്ദേശ രൂപത്തിൽ സർക്കാർ മുന്നോട്ടുവച്ച് അതിന്മേൽ സഭ ചർച്ച ചെയ്ത് അംഗീകരിച്ചാണ് നികുതികൾ ഈടാക്കേണ്ടത്. നിയമസഭയുടെ (അതുവഴി ഇൻഡയറക്റ്റായി ജനങ്ങളുടെ തന്നെ) അംഗീകാരമുള്ള നികുതി പിരിവുകളിലൂടെ ധനസമാഹരണം നടത്താനേ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനത്തിൽ സർക്കാരിന് അധികാരമുള്ളൂ.

അതിനു പുറമേ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം മനസ്സറിഞ്ഞ് നൽകുന്ന സംഭാവനകൾ സർക്കാരിന് പൊതു ആവശ്യത്തിനായി സ്വീകരിക്കാവുന്നതാണ്. എന്നാൽ അതിൽ ഒരു തരത്തിലുള്ള നിർബ്ബന്ധവും ചെലുത്താൻ സർക്കാരിന് അധികാരമില്ല. നിർബ്ബന്ധമെന്നത് പ്രത്യക്ഷത്തിലുള്ളത് മാത്രമല്ല, തൊഴിലിടങ്ങളിലും സമൂഹത്തിലും ചെലുത്തപ്പെടുന്ന അദൃശ്യ സമ്മർദ്ദങ്ങളും അതിന്റെ ഭാഗം തന്നെയാണ്. ഒരു മാസത്തെ ശമ്പളം നൽകാത്തവർ മുഴുവൻ മോശക്കാരാണെന്നും അവർ നാടിനോട് കൂറില്ലാത്തവരാണെന്നും വരുത്തിത്തീർത്ത് നേരിട്ടും അല്ലാതെയും അവഹേളിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല.

2) സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അതിനായുള്ള സൗകര്യം ചെയ്തു കൊടുക്കുക, ഓൺലൈനായും ഓഫ് ലൈനായും പണമടക്കാനുള്ള ഗേറ്റ് വേകൾ സൃഷ്ടിക്കുക എന്നതൊക്കെയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ നേരെ തലതിരിഞ്ഞ രൂപത്തിലാണ് ഇപ്പോഴത്തെ സർക്കാർ ഉത്തരവ്. “ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോവുന്നു, ധൈര്യമുള്ളവർ പറ്റില്ല എന്ന് പറ” എന്നമട്ടിലുള്ള ഈ ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്. നോ എന്ന് പറയുന്നത് ഒരുപാട് റിസ്ക്കുള്ളതാണെന്ന് ഉദ്യോഗസ്ഥർക്കറിയാം എന്ന വീക്ക്നെസാണ് സർക്കാർ ചൂഷണം ചെയ്യുന്നത്.

3) സർക്കാർ ഉദ്യോഗസ്ഥരുടേതെന്നല്ല, ആരുടേയും ശമ്പളം അവരവർ പണിയെടുക്കുന്നതിന്റെ കൂലിയാണ്. “സർക്കാർ തീറ്റിപ്പോറ്റുന്ന” ജീവനക്കാർ ഈ ആപത്തുകാലത്ത് സർക്കാരിനെ സഹായിക്കാൻ ബാധ്യസ്ഥരാണ് എന്നമട്ടിൽ മന്ത്രിമാർ വരെ പരസ്യമായി നിർബ്ബന്ധം ചെലുത്തുന്നത് പ്രതിഷേധാർഹമാണ്. ആരെയെങ്കിലുമൊക്കെ തീറ്റിപ്പോറ്റാൻ വേണ്ടി സർക്കാർ കൊണ്ടുനടക്കുന്ന ഒരു ഏർപ്പാടല്ല ഉദ്യോഗസ്ഥരടങ്ങുന്ന സിവിൽ സർവ്വീസ്. മറിച്ച്, സർക്കാർ ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളുടെ ഡെലിവറിക്കായി നിയമാനുസൃതം നിയമിക്കപ്പെട്ട് ആ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഉദ്യോഗസ്ഥർ. അവരുടെ ശമ്പളം അവരുടെ അധ്വാനത്തിന്റെ മൂല്യമാണ്, ആരുടേയും ഔദാര്യമല്ല.

4) ഇനി ഉദ്യോഗസ്ഥർ ഇപ്പോൾ വാങ്ങുന്ന ശമ്പളം അവർ ചെയ്യുന്ന സേവനവുമായി തുലനം ചെയ്യുമ്പോൾ കൂടുതലാണ് എന്ന് സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ അത് തുറന്ന് പറയണം. അധികശമ്പളവും മറ്റ് അമിത ആനുകൂല്യങ്ങളും നിയമാനുസൃതം തന്നെ വെട്ടിക്കുറക്കണം. അത് ചെയ്യാതെ ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം പിടിച്ചെടുക്കുന്നത് തോന്ന്യാസമാണ്. പൊതുജനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരേക്കുറിച്ചും അവരുടെ ശമ്പളത്തേക്കുറിച്ചുമൊക്കെ പല അഭിപ്രായങ്ങളുമുണ്ടാകാം. എന്നാൽ സർക്കാർ കാലാകാലങ്ങളിൽ നിയമിക്കുന്ന ശമ്പള പരിഷ്ക്കരണ കമ്മീഷനുകൾ പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടുകൾ സർക്കാർ തന്നെ അംഗീകരിച്ചിട്ടാണ് ഇപ്പോഴത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചുവരുന്നത് എന്നതാണ് യാഥാർത്ഥ്യം. ആൾക്കൂട്ടത്തിന്റെ പൊതുബോധത്തിനൊപ്പമല്ല, നിയമാനുസൃതവും ജനാധിപത്യപരവുമായിട്ടാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. ഈ പ്രളയകാലത്ത് അപൂർവ്വം ചിലരൊഴിച്ചാൽ റവന്യൂ, പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങി എല്ലാ സർക്കാർ വകുപ്പുകളിലേയും മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും ആത്മാർത്ഥമായ സേവനങ്ങളാണ് നാടിന് നൽകിയത്. അതാണ് അവരുടെ ഉത്തരവാദിത്തം, അല്ലാതെ ശമ്പളം സർക്കാരിന് തിരിച്ച് നൽകലല്ല.

5) കേരളത്തിലെ ഒരു മാസത്തെ ശമ്പളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് മുഴുവൻ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം വിട്ടുനൽകിയാലും പരമാവധി സർക്കാരിന് ലഭിക്കാൻ പോകുന്നത് ആ തുകയാണ്. എന്നാൽ കേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യം ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപ ആണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. 75,000 മുതൽ ഒരു ലക്ഷം കോടി വരെ വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറയുന്നു. അതായത് എത്ര മെനക്കെട്ടാലും ആവശ്യമുള്ളതിന്റെ വെറും 5 ശതമാനം മാത്രമേ ഈ സാലറി ചലഞ്ച് വഴി സമാഹരിക്കാൻ കഴിയുകയുള്ളൂ. ബാക്കി 95% തുക സർക്കാർ എങ്ങനെയാണ് കണ്ടെത്താൻ പോകുന്നത്? നനഞ്ഞ ഇടം കുഴിക്കുക എന്നതിനപ്പുറം യുക്തിസഹമായ എന്തെങ്കിലും മാർഗം സർക്കാരിൽ നിന്ന് ഇതുവരെ നമുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല.

6) ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിൽ ഏതാണ്ട് 6500 കോടി രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തിയെന്നും അതിന്റെ പിന്നിൽ അഴിമതി ആണെന്നും ആരോപിച്ചിരുന്നു. പിണറായി വിജയൻ സർക്കാർ പാതി കാലാവധി പിന്നിടുമ്പോൾ ഈ കുടിശ്ശികയിൽ നിന്ന് എത്ര രൂപ പിരിച്ചെടുത്തു എന്ന് ധനകാര്യ വിദഗ്ദൻ കൂടിയായ മന്ത്രി തോമസ് ഐസക്കിന് കണക്കുകൾ സഹിതം പറയാൻ സാധിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ പിരിച്ചെടുക്കാത്ത നികുതി കുടിശ്ശിക ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. ഇതും അഴിമതിയുടെ ഭാഗമാണോ? കിട്ടാനുള്ള നികുതി പിരിച്ചെടുക്കാതെ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതാണോ “ജനപക്ഷ സർക്കാരി”ന്റെ ബദൽ സാമ്പത്തിക നയം?

7) കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിനാവശ്യമായ സഹായം ഇതുവരെ ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് സംസ്ഥാന താത്പര്യം ഉയർത്തിപ്പിടിച്ച് കേന്ദ്രത്തോട് ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല? കേന്ദ്രം ഇടങ്കോലിട്ടതിനാൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന യുഎഇ യുടെ 700 കോടി അടക്കമുള്ള വിദേശ സഹായങ്ങളും ഇല്ലാതാവുന്ന ലക്ഷണമാണ് കാണുന്നത്. ഇത്രയൊക്കെയായിട്ടും ശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മുന്നിട്ടിറങ്ങാത്തത് എന്താണ്? ജീവനക്കാരോട് കാണിക്കുന്ന തിണ്ണമിടുക്ക് കേന്ദ്രത്തിന് മുന്നിലെത്തുമ്പോൾ മുട്ടിലിഴയലാവുന്നത് അപഹാസ്യമാണ്.

8.) പ്രതിപക്ഷമടക്കം എത്രയോ പേർ നിരന്തരം ആവശ്യപ്പെട്ടിട്ടും CMDRF നു പകരം പുനർനിർമ്മാണാവശ്യത്തിനായി ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന സുപ്രധാന നിർദ്ദേശം സർക്കാർ ധിക്കാരപൂർവ്വം അവഗണിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു മാസത്തെ ശമ്പളം തരാം, പക്ഷേ അത് പ്രത്യേക അക്കൗണ്ടിലേക്കേ നൽകൂ എന്ന് ഏതെങ്കിലും ഒരു ജീവനക്കാരൻ പറഞ്ഞാൽ എന്ത് ന്യായമാണ് സർക്കാരിന് തിരിച്ചു പറയാനുള്ളത്?

9) പ്രളയ ദുരന്തം കഴിഞ്ഞ് ഒരു മാസമായിട്ടും കേവലം പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ഇനിയും ആയിരക്കണക്കിനാളുകൾക്ക് ലഭിച്ചിട്ടില്ല. അങ്ങേയറ്റം നാശനഷ്ടങ്ങളുണ്ടായ നിരവധി വില്ലേജുകൾ ഇപ്പോഴും സർക്കാർ ഔദ്യോഗികമായി ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്ര ഉദാസീന സമീപനം പുലർത്തുന്ന, കഴിവുകെട്ട ഒരു സർക്കാരിനെ എങ്ങനെയാണ് ഒരു സാധാരണ കേരളീയൻ വിശ്വസിക്കാൻ തയ്യാറാവുക?

10) സർക്കാരിന്റെ സ്വന്തം അധികച്ചെലവുകളും ധൂർത്തും അൽപ്പമെങ്കിലും വെട്ടിക്കുറക്കാനുള്ള ഒരു നടപടി പോലും ഈ സമയത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നും കാണേണ്ടതാണ്. പുതിയ മന്ത്രി നിയമനം മുതൽ 66 ലക്ഷം രൂപയുടെ വെബ്സൈറ്റ് നിർമ്മാണവും ആഡംബര വാഹനം മോടിപിടിപ്പിക്കലുമൊക്കെയായി ധൂർത്തും പാഴ്ച്ചെലവുകളും അരങ്ങു തകർക്കുമ്പോൾ തങ്ങളുടെ ചോര നീരാക്കിയ വരുമാനം എന്തിന് ഈ സർക്കാരിന് നൽകുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

അതുകൊണ്ടുതന്നെ ഒരിക്കൽക്കൂടി പറയുന്നു, സർക്കാർ പിടിച്ചുപറി അവസാനിപ്പിക്കണം.

#SayNoToLegalisedPlunder

Top