കൊച്ചി: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്ന പേരില്‍ ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിക്കുകയും വിധിയ്‌ക്കെതിരെ പോരാടാനുറച്ച കെ എം ഷാജിയെ അഭിനന്ദിച്ച് എംഎല്‍എ വിടി ബല്‍റാം. തന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ തന്നേപ്പോലൊരാള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിച്ചു എന്നുള്ള ഹീനമായ ആരോപണം ശരിവക്കുന്ന തരത്തില്‍ കോടതി വിധിയുണ്ടായതിലാണ് ദു:ഖമെന്നും ഷാജി പറയുന്നതിനെ അദ്ദേഹത്തെയും രാഷ്ട്രീയ നിലപാടുകളേയും അറിയാവുന്നവര്‍ക്കെല്ലാം ഉള്‍ക്കൊള്ളാനാകുമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തികഞ്ഞ മതേതര ബോധ്യങ്ങളുടേയും ഉറച്ച വർഗ്ഗീയ വിരുദ്ധ നിലപാടുകളുടേയും പേരിൽ എന്നും മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് കെ എം ഷാജിയെന്ന രാഷ്ട്രീയ പ്രവർത്തകൻ. ഹിന്ദുത്വ, ഇസ്ലാമിക തീവ്രവാദങ്ങളോട് ഒരുപോലെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഷാജിയെ തങ്ങളുടെ എതിർ വർഗീയതയുടെ ആളായി ചിത്രീകരിക്കുക എന്നതാണ് ഇരുകൂട്ടരും എപ്പോഴും ചെയ്തു പോന്നിട്ടുള്ളത്. ആരാലും വിമർശിക്കപ്പെടാനാവാത്ത തങ്കവിഗ്രഹങ്ങളാണെന്ന് അന്തമില്ലാത്ത അണികൾ കരുതിവച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും ഷാജിയുടെ ചാട്ടുളി പോലത്തെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.
കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിലെ അഴീക്കോട് നിന്നാണ് തുടർച്ചയായി രണ്ട് തവണ കെ.എം ഷാജി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യതവണത്തെ നേരിയ ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ച് രണ്ടാം വിജയം കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ജനപ്രതിനിധി എന്ന നിലയിലും കേരളം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും മത, രാഷ്ട്രീയ ഭേദമന്യേ അവിടത്തെ ജനങ്ങളുടെ വിശ്വാസമാർജിക്കുന്നതിൽ വിജയിച്ചതുകൊണ്ട് തന്നെയാണെന്ന് നിസ്സംശയം പറയാം.
കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുന്ന ഹൈക്കോടതി വിധിക്ക് ആധാരമായിപ്പറയുന്ന വിവാദ ലഘുലേഖ ഒറ്റനോട്ടത്തിൽത്തന്നെ രാഷ്ട്രീയ എതിരാളികളായ കുബുദ്ധികളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എത്ര വോട്ടു കിട്ടുമെങ്കിലും സാമാന്യബോധമുള്ള ഒരു സ്ഥാനാർത്ഥിയോ ഇലക്ഷൻ കമ്മിറ്റിയോ ഇത്തരത്തിലുള്ള ഒരു നോട്ടീസ് പുറത്തിറക്കില്ല. ഇങ്ങനെയൊരു നോട്ടീസിനാൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് തന്നെ കേരളത്തിലേയും കണ്ണൂരിലേയും പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള വാദമാണ്. വ്യാജരേഖകൾ ചമക്കുന്നതിൽ പ്രത്യേക പ്രാവീണ്യമുണ്ടെന്ന് മുൻപും ആരോപണമുള്ള തന്റെ എതിർ സ്ഥാനാർത്ഥിയുടെ നേർക്ക് കെഎം ഷാജി സംശയത്തിന്റെ മുന നീട്ടുമ്പോൾ അത് ഒറ്റയടിക്ക് തള്ളിക്കളയാൻ ആർക്കും സാധിക്കില്ല.
ഹൈക്കോടതിയുടെ വിധിക്കെതിരെ ഉയർന്ന കോടതികൾ വഴി നിയമത്തിന്റെ മാർഗ്ഗത്തിൽത്തന്നെ പരിഹാരം കാണാനും നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടു പോകാനുമുള്ള കെ.എം. ഷാജിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ജയപരാജയങ്ങളായിരിക്കരുത് യുവനേതാക്കളുടെ പരിഗണന എന്നും “തെരഞ്ഞെടുപ്പിൽ തോൽക്കാൻ തയ്യാറുള്ള യുവനേതാക്കൾക്കേ മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ സാധിക്കുകയുള്ളൂ” എന്നും എക്കാലത്തും ധീരമായി പ്രഖ്യാപിച്ചിട്ടുള്ള ഷാജി ഈ കോടതി വിധിയോട് പ്രതികരിച്ചതും ശ്രദ്ധേയമായ രീതിയിലാണ്. തന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്നതിൽ വിഷമമില്ലെന്നും എന്നാൽ തന്നേപ്പോലൊരാൾ തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിച്ചു എന്നുള്ള ഹീനമായ ആരോപണം ശരിവക്കുന്ന തരത്തിൽ കോടതി വിധിയുണ്ടായതിലാണ് ദു:ഖമെന്നും ഷാജി പറയുന്നതിനെ അദ്ദേഹത്തെയും രാഷ്ട്രീയ നിലപാടുകളേയും അറിയാവുന്നവർക്കെല്ലാം ഉൾക്കൊള്ളാനാകും.
ആർജ്ജവമുള്ള സഹപ്രവർത്തകന് എല്ലാ വിജയാശംസകളും നേരുന്നു.