കൊച്ചി : മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ. എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന ഭീമയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.
ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെയെന്നും ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഒരു സ്വർണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമ സ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ ജനാധിപത്യവിശ്വാസികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്ക്കരിക്കാൻ ഭീമ തയ്യാറായാൽ ഭീമയെ ബഹിഷ്ക്കരിക്കാൻ ജനങ്ങളും തയ്യാറാകണം.
ഇപ്പോൾത്തന്നെ ഭീമയിൽ നിന്നേ ഇനി സ്വർണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികൾ ക്യാംപയിൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽപ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികൾ ഭീമയിൽ നിന്ന് തന്നെ സ്വർണ്ണം വാങ്ങട്ടെ, സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണ്ണം വാങ്ങട്ടെ…
എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിച്ചതിന് സൈബര്‍ ഇടങ്ങളില്‍ മാതൃഭൂമിക്കെതിരെ പ്രചരണം നടക്കുന്ന പശ്ചാത്തലത്തില്‍ മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി ഭീമ ജ്വല്ലേര്‍സ് നേരത്തെ അറിയിച്ചിരുന്നു.
തങ്ങള്‍ക്ക് ഹിന്ദുത്വവാദികളില്‍ നിന്നും സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ടിരുന്നു. സ്ഥാപനത്തില്‍ നിന്നും ഇനി സ്വര്‍ണ്ണം വാങ്ങില്ലെന്നും ഭീഷണികള്‍ ഉയര്‍ന്നു. ഈ വിഷയത്തെ ഞങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീമ രംഗത്തെത്തിയത്.
94 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഭീമയെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതുവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ നില്‍ക്കുക എന്നതാണ് തങ്ങളുടെ ശൈലി എന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.