സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ! മന്ത്രിയെ വിമര്‍ശിച്ച് എംഎല്‍എ

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. തൃപ്തി ദേശായിക്കൊപ്പം ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ ആസ്പതമാക്കിയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

”സംഘ്പരിവാര്‍, ജനം നാടകം തൃപ്തി 2019 എന്ത് നല്ല തിരക്കഥ, കണ്ണിനും മനസ്സിനും കുളിര്‍മ്മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ” എന്നായിരുന്നു എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ‘ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ” എന്നാണ് ബല്‍റാം ഈ പോസ്റ്റിനെ വിമര്‍ശിച്ച് കുറിപ്പിട്ടിരിക്കുന്നത്.

വി.ടി ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെയാണ്;

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നല്‍കില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സര്‍ക്കാരിന്റെ സൗകര്യം. പക്ഷേ ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

Top