നിലമ്പൂര്‍: എ.കെ.ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സി.പി.എം പറഞ്ഞത് പെരളശേരിയില്‍ എ.കെ.ജി സ്മാരത്തിന് 10 കോടി നല്‍കാനാവുമെന്നു കരുതിയിരുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ.
സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും 10 കോടി നല്‍കുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറാകുമായിരുന്നെന്നും ബല്‍റാം വ്യക്തമാക്കി. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ യു.ഡി.എഫിന്റെ 12 മണിക്കൂര്‍ സമരജ്വാലയില്‍ പ്രസംഗിക്കുകയായിരുന്നു ബല്‍റാം.
എ.കെ.ജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രത്തിനാണ് തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കണ്ണായസ്ഥലത്തു നിന്നും 34 സെന്റ് സ്ഥലം എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അനുവദിച്ചത്. എ.കെ.ജി ഗവേഷണ കേന്ദ്രത്തിനു പകരം ഇവിടെ സി.പി.എം സംസ്ഥാനകമ്മിറ്റി ഓഫീസ് പണിയുകയായിരുന്നു.
സി.പി.എം കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവുമായി പിളരുമ്പോള്‍, കാരാട്ട് പക്ഷത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസിനാണിപ്പോള്‍ കണ്ണൂര്‍ പെരളശേരിയില്‍ എ.കെ.ജി സ്മാരകത്തിനായി 10 കോടി അനുവദിച്ചതെന്നും ബല്‍റാം കുറ്റപ്പെടുത്തി.
എ.കെ.ജിയുടെ പെരളശേരിയിലെ തറവാട് വീട് സംരക്ഷിക്കുമെന്നു പറഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തറവാട് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമ്പോള്‍ കാഴ്ചക്കാരാവുകയായിരുന്നെന്നും കുറ്റപ്പെടുത്തി. പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണസംവിധാനം കൂട്ടുനില്‍ക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.
റിപ്പോര്‍ട്ട്: എം വിനോദ്