നിലമ്പൂര്‍: മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശിന്റെ മരണം വെളിപ്പെടുത്തുന്നത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യു അടച്ചുപൂട്ടിയ ക്രൂരത. മലയോരമേഖലയുടെ ചികിത്സാകേന്ദ്രമായ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയാക് ഐ.സി.യു പൂട്ടിയിരുന്നില്ലെങ്കില്‍ വി.വി പ്രകാശിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മുമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം.എ റസാഖും ഹൃദയാഘാതം സംഭവിച്ച് വിദഗ്ദ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു.
നിലമ്പൂര്‍ മേഖലയില്‍ ഹൃദയാഘാതം സംഭവിച്ച ഒരു രോഗിക്ക് വിഗദ്ഗ ചികിത്സലഭിക്കണമെങ്കില്‍ രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് പെരിന്തല്‍മണ്ണയിലോ കോഴിക്കോടോ എത്തണം. മിക്കവരും അവിടെ എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയാക് ഐ.സി.യു ഉണ്ടെങ്കില്‍ ഇവരില്‍ മിക്കവരെയും രക്ഷിച്ചെടുക്കാനാവും. നിലമ്പൂരില്‍ താന്‍ വിജയിച്ചാല്‍ കാര്‍ഡിയാക് ഐ.സി.യു സ്ഥാപിക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വി.വി പ്രകാശ് നല്‍കിയ പ്രധാന വാഗ്ദാനം.
മുമ്പ് ഹൃദയാഘാതം സംഭവിച്ചപ്പോള്‍ പ്രകാശ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹൃദയാഘാതം സംഭവിച്ച് ചികിത്സ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചയാളാണ് പ്രകാശ്. ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ അറിയിച്ച് അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി അവിടേക്കുള്ള യാത്രക്കിടെയാണ് വേദനകലശലായത്. വഴി മധ്യേ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സ്വന്തം നിലക്ക് കാര്‍ഡിയാക് ഐ.സി.യു തുറന്ന ഡോ. ഷിനാസ് ബാബുവിന്റെ 2017 ലെ ഫേസ്ബുക്ക് പോസ്റ്റും ഇതിനിടെ ചര്‍ച്ചയാവുകയാണ്. 2009തില്‍ ഷിനാസ്ബാബു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് സ്വന്തം നിലക്ക് പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങി കാര്‍ഡിയാക് ഐ.സിയു ആരംഭിച്ചത്. അഞ്ച് ബെഡുകളും കാര്‍ഡിയാക് മോണിറ്ററും ഒഴികെയുള്ള ഉപകരണങ്ങളെല്ലാം ഡോക്ടര്‍ സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് വാങ്ങിയത്.
ഡോക്ടര്‍ നിലമ്പൂരില്‍ നിന്നും സ്ഥലം മാറിയതോടെ കാര്‍ഡിയാക് ഐ.സി.യു അടച്ചുപൂട്ടി. ഇതറിഞ്ഞ് 2017ലാണ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ഡിയാക് ഐ.സി.യു തുറക്കണമെന്നാവശ്യപ്പെട്ട് ഷിനാസ് ബാബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. അന്ന് ഡോക്ടറുടെ വാക്കുകള്‍ക്ക് അധികൃതര്‍ ചെവികൊടുത്തിരുന്നെങ്കില്‍ വി.വി പ്രകാശ് അടക്കം വിലപ്പെട്ട പല ജീവനുകളും നമുക്ക് നഷ്ടമാവുമായിരുന്നില്ല.