ഒന്നിലേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉറച്ച വിജയസാധ്യതയുണ്ടെന്ന് വിവി രാജേഷ്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉറച്ച വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി വക്താവ് വിവി രാജേഷ്. തിരുവനന്തപുരത്ത് മാത്രമല്ല ശക്തമായ മത്സരം കാഴ്ച വച്ച മറ്റു മണ്ഡലങ്ങളിലും ഉറച്ച വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ 1.87 ലക്ഷം വോട്ടുകളാണ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയിട്ടുണ്ട്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ രണ്ട് ലക്ഷം വോട്ടുകള്‍ കൂടി നേടിയാല്‍ അവിടെ കെ.സുരേന്ദ്രന്‍ ജയിക്കും. പത്തനംതിട്ടയില്‍ ബിജെപിക്കും കെ.സുരേന്ദ്രനും അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടെന്നാണ് പൂര്‍ണവിശ്വാസം. ആ അനുകൂല സാഹചര്യം മുതലെടുത്ത് രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ അവിടെ അധികമായി നേടാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.03 ലക്ഷം വോട്ട് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ 1.50 ലക്ഷം അല്ലെങ്കില്‍ 1.75 ലക്ഷം വോട്ടുകള്‍ അധികമായി നേടിയാല്‍ സുരേഷ് ഗോപിക്ക് അവിടെ ജയിക്കാനാവും. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപി എത്ര വോട്ട് പിടിക്കും എന്ന് മാത്രമായിരുന്നു എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് സ്ഥിതി മാറി. ഇതൊക്കെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബിജെപി സൃഷ്ടിച്ച മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിവി രാജേഷ് വ്യക്തമാക്കി.

Top