‘കെ റെയില്‍ കല്ലുകള്‍ പിഴുത് ക്ലിഫ് ഹൗസില്‍ കൊണ്ടിടും, പൊലീസ് അടിച്ചാല്‍ തിരിച്ചടിക്കും: വി വി രാജേഷ്

തിരുവനന്തപുരം: ജില്ലയില്‍ കെറെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ്. പിഴുത കല്ലുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കൊണ്ടിടും. പൊലീസ് അടിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കും. തങ്ങളെ നേരിടാന്‍ നോക്കിയാല്‍ വിശ്വരൂപം കാണുമെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്ന് സമരം ആരംഭിക്കും. സമരം ചെയ്യുന്ന വനിതാ പ്രവര്‍ത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

അതേസമയം, കെ റെയിലിനെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്നതാണ്. കെ റെയില്‍ സമ്പദ്ഘടനയെ ബാധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.പൊലീസിനെ ഉപയോ?ഗിച്ച് സമരം അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ നോക്കിനില്‍ക്കില്ല. ചങ്ങനാശേരി സമര ഭൂമിയാണ്. ചങ്ങനാശേരി എന്നു കേള്‍ക്കുമ്പോള്‍ കോടിയേരിക്ക് എന്തോ പ്രശ്‌നമുണ്ട്. അതില്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ മറുപടി പറയേണ്ടത് അവരാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണ്. മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ് തുറന്ന് കാണണം. ആറന്മുളയില്‍ നെല്‍വയല്‍ സംരക്ഷിക്കാന്‍ വിമാനത്താവളത്തിനെതിരെ സിപിഐഎമ്മും ബിജെപിയും ഒരുമിച്ച് സമരം ചെയ്തിരുന്നു. അന്ന് സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. ഇന്ന് പിണറായി വിജയന്‍ കോണ്‍?ഗ്രസ് ബിജെപി കൂട്ട്‌കെട്ട് ആരോപിക്കുന്നു. സിപിഐഎമ്മിന്റെ ശവകല്ലറക്കുളള കല്ലുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഇടുന്നതെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കെ റെയില്‍ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top