ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കാര്‍ലോ വലന്റീനോ ജെറോസയെ ഇന്ത്യയ്ക്കു കൈമാറാന്‍ ഒരുക്കമല്ലെന്ന് ഇറ്റലി. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടില്‍ 3,727 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറില്‍ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന്, അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്നു സിബിഐ നവംബറില്‍ ആവശ്യപ്പെട്ടിരുന്നു. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ജെറോസയ്ക്കുള്ള പങ്കു സംബന്ധിച്ച് കുറ്റപത്രത്തിലെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, സ്വിസ് പാസ്‌പോര്‍ട്ടുള്ള ജെറോസയെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.
വിവിഐപികള്‍ക്കായി ആംഗ്ലോ – ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്.
തുക പെരുപ്പിച്ചു കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മുന്‍ തലവന്‍ എസ്.പി.ത്യാഗി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും 452 കോടിയോളം രൂപ കൈക്കൂലി നല്‍കാന്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജെറോസയാണെന്നാണു സിബിഐയുടെ കണ്ടെത്തല്‍. ജെറോസയെ കൈമാറണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി ഉന്നയിക്കുമെന്നു സിബിഐ അധികൃതര്‍ അറിയിച്ചു.