നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ, ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനെതിരെയുള്ള പ്രതികരണങ്ങൾക്കുള്ള മറുപടിയാണിത്.
കേരളത്തിൽ ഹർത്താൽ നടത്താത്ത ഒരു രാഷ്ട്രീയ പാർട്ടിയോ മുന്നണിയോ ഇല്ല.ഇതിനേക്കാൾ തീവ്രമായി കേരളം കത്തി നിന്ന ഹർത്താലുകൾ സി.പി.എം തന്നെ നിരവധി തവണ നടത്തിയിട്ടുണ്ട്.
കൂത്തുപറമ്പ് വെടിവയ്പ്പുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുമുണ്ട്. അന്നൊന്നും കാണാത്ത എതിർപ്പുമായി വ്യാപാരി സംഘടന സംഘപരിവാർ നേതൃത്വം കൊടുത്ത ഹർത്താലിനോട് സ്വീകരിച്ചത് എന്തിനു വേണ്ടിയാണ് ?
ഇക്കാര്യം പറയുന്നവരെ ദയവ് ചെയ്ത് സംഘികളാക്കി ചിത്രീകരിക്കരുത്.സംഘപരിവാറിന്റെ നിലപാടുകളെ എതിർക്കുമ്പോൾ തന്നെ ചില യാഥാർത്ഥ്യങ്ങൾ കാണാതിരിക്കാനാവില്ല അതുകൊണ്ടാണ് ഇക്കാര്യം പറയാൻ നിർബന്ധിക്കപ്പെടുന്നത്.
എല്ലാ ഹർത്താലുകളും എതിർക്കപ്പെടണം എന്ന നിലപാടിനോട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. മറ്റു സമരങ്ങളെ പോലെ തന്നെ പ്രതിഷേധങ്ങളുടെ തീവ്ര പ്രതിഫലനമാണ് ഹർത്താലുകൾ.
കേരളം ഇന്നു നേടിയ നേട്ടങ്ങൾക്ക് പിന്നിലും ഒരു പാട് പേരുടെ പോരാട്ടങ്ങളുടെ, ജീവത്യാഗങ്ങളുടെ കഥയുണ്ട്. പണിമുടക്കായാലും പ്രതിഷേധ പ്രകടനങ്ങളായാലും ബന്ദായാലും ഇപ്പോൾ ഹർത്താലായാലും ഈ നാട് നിരവധി കണ്ടിട്ടുണ്ട്.
ഏത് വിഭാഗം ഇത്തരമൊരു സമരരീതി പ്രഖ്യാപിച്ചാലും അതിനെതിരെ എതിർവിഭാഗം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇപ്പോൾ വ്യാപാരി സംഘടനകൾ എടുത്ത നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല.
ശബരിമല കർമ്മസമിതി നടത്തുന്ന ഹർത്താൽ ദിവസം കടകൾ തുറക്കണമെന്ന് പ്രഖ്യാപിച്ചത് പക്ഷപാതപരമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നസറുദ്ദീന്റെ തറവാട്ട് സ്വത്തല്ലന്ന് ഓർക്കണം. ഇപ്പോൾ ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലിനോട് സ്വീകരിച്ച നിലപാട് സി.പി.എം നടത്തുന്ന ഹർത്താലിനോട് സ്വീകരിക്കാൻ ധൈര്യമുണ്ടോ നസറുദ്ദീന് ? കച്ചവടക്കാരന്റെ തനി സ്വഭാവം പ്രതിഷേധ സമരങ്ങളോട് ഒരു വ്യാപാര സംഘടന സ്വീകരിക്കുന്നത് വകവെച്ച് കൊടുക്കാൻ കഴിയുന്നതല്ല.
ശബരിമല യുവതീവിഷയത്തിൽ നിലപാട് എന്തുമായി കൊള്ളട്ടെ ഹർത്താൽ പ്രഖ്യാപിക്കാൻ കർമ്മസമിതിക്ക് അവകാശമുണ്ട്.
എൻ.എസ്.എസിനെ പോലെയുള്ള സംഘടനകൾ പിന്തുണക്കുന്ന ശബരിമല കർമ്മസമിതിയെ സംഘപരിവാർ സംഘടനമാത്രമായി കണക്കാക്കുന്നതും ശരിയായ നടപടിയല്ല.
ഇനി അങ്ങനെ ആണെങ്കിൽ തന്നെ ബി.ജെ.പിക്ക് എന്താ ഹർത്താൽ നടത്താനുള്ള അവകാശമില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
എല്ലാ വിഭാഗത്തിന്റെയും പിന്തുണ നേടി മാത്രം ഒരു പ്രതിഷേധ ഹർത്താലും നടന്ന ചരിത്രം ഈ നാടിനില്ലന്നത് കൂടി ഓർക്കണം.
രാഷ്ട്രീയപരമായി ഈ ഹർത്താലിനെ എതിർക്കാനുള്ള അവകാശം എതിരാളികളായ സി.പി.എമ്മിനുണ്ട്, സമ്മതിച്ചു. പക്ഷേ നസറുദ്ദീന് എന്തവകാശം ?
വ്യാപാരി വ്യവസായി സമിതി അത്തരമൊരു തീരുമാനം എടുത്താൽ അംഗീകരിക്കാം. കാരണം അത് സി.പി.എം ആഭിമുഖ്യമുള്ളവരുടെ സംഘടനയാണ്. എന്നാൽ നസറുദ്ദീന്റെ വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങനെയല്ല. രാഷ്ട്രീയ കക്ഷിഭേദമന്യേ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന വ്യാപാരികളുടെ സംഘടനയാണത്.
എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും അല്ലാത്തവരുമായ ആളുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തിൽ സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ഹർത്താൽ ദിനം കട തുറക്കാൻ ആഹ്വാനം ചെയ്തത് പ്രകോപനപരമായ നടപടിയാണ്. ഇതിനു പിന്നിൽ നസറുദീൻ അടക്കമുള്ള ചിലരുടെ വ്യക്തി താൽപ്പര്യമുണ്ടെന്ന് കൂടി തിരിച്ചറിയണം.
വ്യാപാരികളുടെ കഷ്ടപ്പാട് ഓർത്താണ് കട തുറക്കാൻ പറഞ്ഞതെങ്കിൽ അതിന് ആദ്യം മാതൃക കാട്ടേണ്ടത് നിങ്ങളാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് നിങ്ങൾ എന്തിനാണ് കടകൾ അടച്ചിടുന്നത്.ഈ ഏർപ്പാട് ആദ്യം അവസാനിപ്പിച്ചിട്ട് വേണമായിരുന്നു ഹർത്താൽ ദിവസം കട തുറക്കാൻ ആഹ്വാനം ചെയ്യേണ്ടിയിരുന്നത്.
നിങ്ങൾക്ക് എന്തുമാകാം മറ്റുള്ളവർക്ക് അത് പാടില്ലന്ന് പറയുന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ല.
നിങ്ങളുടെ മനസ്സിനകത്തെ സങ്കുചിത താൽപ്പര്യമാണ് ഹർത്താൽ പരാജയപ്പെടുത്താനുള്ള ആഹ്വാനത്തിനു പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെയും കുറ്റം പറയാൻ കഴിയുകയില്ല.
ഇത്തരമൊരു അവസരവാദ നേതൃത്വം തങ്ങൾക്ക് വേണമോ എന്ന് വ്യാപാരി സമൂഹമാണ് ഇനി ചിന്തിക്കേണ്ടത്.
സംഘർഷഭരിതമായ അന്തരീക്ഷത്തിൽ സെൻസിറ്റീവായ ഒരു വിഷയത്തിൽ പ്രഖ്യാപിച്ച ഹർത്താൽദിവസം കടകൾ തുറന്നതാണ് വലിയ നാശ നഷ്ടങ്ങൾക്ക് ഇപ്പോൾ കാരണമായിരിക്കുന്നത്.
നസറുദീന്റെ വാക്ക് വിശ്വസിച്ച് കടകൾ തുറന്നവർക്കാണ് കനത്ത നാശനഷ്ടമുണ്ടായത്. ഒരു ആക്രമണവും നീതീകരിക്കാൻ പറ്റുന്നതല്ല, പക്ഷേ അതിനുള്ള സാഹചര്യം സൃഷ്ടിക്കാതെ മാറി നിൽക്കാമായിരുന്ന സാഹചര്യമാണ് ഇവിടെ നഷ്ടപ്പെടുത്തിയത്.
ശബരിമല കർമ്മസമിതി പ്രവർത്തകർക്കെന്ന പോലെ വ്യാപാരി സംഘടനയുടെ നേതൃത്വത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്.
സംസ്ഥാനത്തെ എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകി തുറപ്പിക്കാനുള്ള അംഗബലം കേരള പൊലീസിന് ഇല്ല എന്നത് കൊച്ചു കുട്ടികൾക്കു പോലും അറിയുന്ന കാര്യമാണ്. പ്രത്യേകിച്ച് നാട് കത്തിയെരിയുന്ന പ്രത്യേക സാഹചര്യത്തിൽ. എന്നാൽ ഈ സാഹചര്യം അറിയാമായിരുന്നിട്ടും പ്രതിഷേധക്കാരെ മനഃപൂർവ്വം പ്രകോപിപ്പിക്കുകയാണ് വ്യാപാര സംഘടനാ നേതൃത്വം ഉൾപ്പെടെ ചെയ്തത്.
സംഘപരിവാർ പ്രവർത്തകരല്ല സി.പി.എമ്മുകാരായാലും യു.ഡി.എഫുകാർ ആയാലും ഹർത്താൽ ദിനം കടകൾ തുറന്നാൽ ഇങ്ങനെയൊക്കെ തന്നെയാണ് പ്രതികരണം ഉണ്ടാകുക. പ്രതിഷേധത്തിന്റെ ശക്തി ഹർത്താൽ നടത്തുന്ന പാർട്ടിയുടെ ആ പ്രദേശത്തെ ശക്തിക്ക് അനുസരിച്ചായിരിക്കും എന്നു മാത്രം.
വ്യക്തിയായാലും സംഘടന ആയാലും ഒരു ക്രൈം നടക്കുമെന്ന് അറിഞ്ഞാൽ അത് ഒഴിവാക്കാനാണ് ഏതു വിധേയനേയും ശ്രമിക്കേണ്ടത്. അത്തരമൊരു ദീർഘവീക്ഷണമാണ് ഇവിടെ വ്യാപാരി സംഘടന നേതൃത്വത്തിന് ഇല്ലാതെ പോയത്.
പാവപ്പെട്ട ഒരുപാട് കച്ചവടക്കാർക്ക് വൻ നാശനഷ്ടമാണ് നേതാവിന്റെ വാക്ക് കേട്ട് കടകൾ തുറന്നവർക്ക് ഉണ്ടായത്. നാട് കലാപഭൂമിയായി മാറിയതിന്റെ പ്രധാന കാരണവും തുറന്ന കടകൾ അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ എത്തിയപ്പോയാണ്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നസറുദ്ദീനും ഇനി മാറി നിൽക്കാനാവില്ല.
ഇനി സി.പി.എം നേതൃത്വത്തോട് പറയാനുള്ളത് . . . നസറുദ്ദീൻ എന്ന കച്ചവടക്കാരനായ വ്യാപാരി സംഘടനാ നേതാവിനെ ഒരു കാരണവശാലും പോത്സാഹിപ്പിക്കരുത്. സമര സംഘടനയാണ് സി.പി.എമ്മും വർഗ്ഗ ബഹുജന സംഘടനകളും. കേരളത്തിൽ സി.പി.എമ്മും ഇടതുപക്ഷവും നടത്തിയ അത്രയും സമരങ്ങളും ഹർത്താലുകളും മറ്റൊരു സംഘടനയും നടത്തിയിട്ടില്ല. ഇനിയൊട്ട് നടത്തുകയുമില്ല. ഇന്ന് ബി.ജെ.പി ഉൾപ്പെട്ട കർമ്മസമിതി ഹർത്താലിനോട് സ്വീകരിച്ച നിലപാട് നാളെ സി.പി.എമ്മിനോടും നസറുദീൻ സ്വീകരിച്ചേക്കും. കാരണം കച്ചവടക്കാരന്റെ താൽപ്പര്യം അങ്ങനെയാണ്.സംസ്ഥാന ഭരണാധികാരികളുടെ പ്രീതിക്കായി എന്തു ചെയ്യാനും ഇക്കൂട്ടർ മടിക്കില്ല. പിണറായി മാറി നാളെ മറ്റൊരു ഭരണകൂടം വരുമ്പോൾ തനി സ്വഭാവം ഇവർ കാട്ടുമെന്ന് ഉറപ്പാണ്. അക്കാര്യം ഓർമ്മ വേണം.
മാധ്യമ പ്രവർത്തകർക്കു നേരെ നടന്ന ആക്രമണങ്ങളെ ന്യായീകരിക്കാൻ പറ്റില്ലങ്കിലും ചില യാഥാർത്ഥ്യങ്ങൾ സി.പി.എം മറക്കരുത്.
കേരളത്തിൽ ഒരു മാധ്യമ സിൻണ്ടിക്കേറ്റ് തന്നെ സി.പി.എമ്മിനെതിരെ പ്രവർത്തിച്ച കാലമുണ്ടായിരുന്നു.പ്രതി പക്ഷത്തായിരുന്നപ്പോൾ അഭിമുഖീകരിച്ച മാധ്യമ ആക്രമണം നല്ലപോലെ ഓർമ്മ വേണം. ഇപ്പോൾ കർമ്മസമിതി ഹർത്താലിൽ മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണം പോലെ മുൻപും മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. അത് സി.പി.എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും സമരത്തിലാണ് കൂടുതൽ നടന്നത്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ വാർത്ത കൊടുത്തതിന് ഏഷ്യാനെറ്റ് റിപ്പോർട്ടർ ദീപയെ കരിപ്പൂരിൽ വെച്ച് ക്രൂരമായി മുസ്ലീംലീഗുകാർ ആക്രമിക്കുകയുണ്ടായി.
കച്ചവട താൽപ്പര്യവും വ്യക്തി താൽപ്പര്യവും സാമുദായിക താൽപ്പര്യവും പിന്നെ രാഷ്ട്രീയ താൽപ്പര്യങ്ങളും ചില മാധ്യമ സ്ഥാപനങ്ങളെ സ്വാധീനിക്കുമ്പോൾ ബലിയാടാകുന്നത് സംഘർഷ സ്ഥലത്ത് നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവർത്തകരാണ്.
മാധ്യമ ക്യാമറദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതികളെ പിടികൂടുന്ന രീതി കൂടി വ്യാപകമായതോടെ ആക്രമണത്തിന്റെ തോതും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. അറിയാനുള്ള ജനതയുടെ അവകാശമാണ് മാധ്യമ പ്രവർത്തകർ നിർവ്വഹിക്കുന്നത്. എല്ലാ മേഖലയിലെയും പോലെ കരിങ്കാലികൾ മാധ്യമ പ്രവർത്തകരിലും കാണും. സമ്മതിക്കുന്നു,എന്നാൽ നിഷപക്ഷരായ നല്ല നിരവധി മാധ്യമ പ്രവർത്തകരും ഇവിടെ ഉണ്ട്. അങ്ങനെ ഉള്ളവർക്കടക്കം ഇപ്പോൾ പരിക്കേറ്റത് ഖേദകരം തന്നെയാണ്.
അതുപോലെ തന്നെ തെരുവിൽ ആക്രമിക്കുന്ന അനുയായികളാടുള്ള രോഷം പാർട്ടിയെ തന്നെ ബഹിഷ്ക്കരിച്ച് നടത്താം എന്ന അഭിനവ മാധ്യമ ബോധവും അംഗീകരിക്കാൻ പറ്റുന്നതല്ല.
സോഷ്യൽ മീഡിയകളുടെ പുതിയ കാലത്ത് പഴയ ശക്തി ഇപ്പോൾ ഉണ്ടെന്ന് ഒരു കുത്തക മാധ്യമങ്ങളും കരുതരുത്. മൊബൈൽ ഫോൺ ഉള്ള ഓരോ വ്യക്തിയും മാധ്യമ പ്രവർത്തകരാകുന്ന പുതിയ കാലമാണിത്. ഇവിടെ രാഷ്ട്രിയ പാർട്ടികൾ ഉൾപ്പെടെ ആർക്കും വിവരങ്ങൾ എത്തിക്കാൻ ഉള്ള അനേകം സാധ്യതകളിൽ ഒന്നു മാത്രമാണ് പരമ്പരാഗത മാധ്യമ പ്രവർത്തനം. പത്രം വായിച്ചും ചാനൽ കണ്ടും വിവരങ്ങൾ അറിയുന്നവരേക്കാൾ എത്രയോ ഇരട്ടിയാണ് സോഷ്യൽ മീഡിയകളിലൂടെ അറിയുന്നവർ. ഈ യാഥാർത്ഥ്യം കുടി മനസ്സിലാക്കി വേണം ബഹിഷ്ക്കരണ തീരുമാനമെടുക്കാൻ.
Express View