തൊടുപുഴ: തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് വയോധിക നടത്തിവന്ന സമരം ഫലം കണ്ടു. കലയന്താനി സ്വദേശി അമ്മിണിക്ക് പട്ടയം നല്‍കാന്‍ അര്‍ഹതയുണ്ടെന്ന് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അമ്മിണിയുടെ പട്ടയ നടപടികള്‍ റവന്യൂ വകുപ്പ് വേഗത്തില്‍ ആക്കുമ്പോഴും പട്ടയം കയ്യില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് വയോധിക.
1975 മുതല്‍ തൊടുപുഴ കലയന്താനിയിലെ സര്‍ക്കാര്‍ തരിശുഭൂമിയില്‍ താമസിച്ചുകൊണ്ടിരുന്ന അമ്മിണിയുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുവാന്‍ നിരവധി തവണ അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായിരുന്നില്ല. കൂടാതെ സമീപസ്ഥല ഉടമ അമ്മിണിയുടെ കൈവശ ഭൂമി കയ്യേറുകയും ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു തൊടുപുഴ താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ അമ്മിണി സമരം ആരംഭിച്ചത്. വിഷയത്തില്‍ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ തഹസില്‍ദാര്‍ ബിജിമോള്‍ എ എസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
പട്ടയത്തിന് അര്‍ഹതയുള്ള ആളാണെന്നും 40 വര്‍ഷത്തിലധികമായി അമ്മണി ഇവിടെ താമസമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ പട്ടയം നല്‍കുന്നതിന് സര്‍വ്വേ നടപടികള്‍ അടക്കം പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം എടുക്കും. 1964ലെ ചട്ടപ്രകാരം പട്ടയം നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയുമാണ്. ഇതും അമ്മിണിയുടെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വിലങ്ങു തടിയാണ്.