കൊച്ചി: വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്കു സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഷൈലമോളെയാണു സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണു നടപടി.
നേരത്തേ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു. പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥ നല്‍കിയിരുന്നത്. പാലം പണിയില്‍ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവര്‍ കണ്ടെത്തിയത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
വാര്‍ത്ത പുറത്തുവന്നതില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ യുഡിഎഫിനു വേണ്ടി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്നും രണ്ടാംഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നുമാണു മന്ത്രിയുടെ നിലപാട്.