തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് വേതനമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് ആയിരം രൂപയായിരുന്നു മുന്‍പ്.
കുടുംബശ്രീ മിഷനെ പദ്ധതി ഏജന്‍സിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായുള്ള തുക കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് മുന്‍കൂറായി നല്‍കണമെന്നാണ് വ്യവസ്ഥ.
306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി സംസ്ഥാനത്ത് 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും കുറവ് കോഴിക്കോട്ടുമാണ്. 64 അംഗങ്ങളുമായി തൃശ്ശൂരില്‍ 12 യൂണിറ്റുകളാണുള്ളത്. അഞ്ചംഗങ്ങളുള്ള കോഴിക്കോട്ട് രണ്ടു യൂണിറ്റുകളുമാണുള്ളത്.
പഞ്ചായത്തുകളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ 2000 അംഗങ്ങളെ ഉള്‍പ്പെടുത്തി പട്ടിപിടിത്തത്തില്‍ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2016 നവംബറില്‍ യൂണിറ്റുകളെ അംഗീകരിച്ച് ഉത്തരവായത്.