WAGNOR

മാരുതി വാഗണ്‍ ആര്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷകാലമായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന അഞ്ച് കാറുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്.1999 ല്‍ ടോള്‍ ബോയ് ഡിസൈനുമായി വിപണിയിലിറങ്ങിയ വാഗണ്‍ ആര്‍ താമസിക്കാതെ ഇടത്തരക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറുകയായിരുന്നു.ഏകദേശം ഒന്നര പതിറ്റാണ്ടില്‍ അധികം നീളുന്ന യാത്രയ്ക്കിടയില്‍ ചെറിയ ചില മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഇതുവരെയും വാഗണ്‍ ആറിന് വന്നിട്ടില്ല.1993 ല്‍ ജപ്പാനിലെ വിപണിയിലെത്തി സുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായ വാഗണ്‍ ആര്‍ സമഗ്രമായ മാറ്റങ്ങളോടെ എത്തി.

വാഗണ്‍ ആര്‍, വാഗണ്‍ ആര്‍ സ്റ്റിങ് റേ എന്നീ മോഡലുകളാണ് സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലും ഉടന്‍ പുറത്തിറക്കും. നിലവിലുള്ള വാഹനത്തില്‍ നിന്ന് മാറിയ ഡിസൈനാണ് പുതിയ വാഗണ്‍ ആറിന്. ടോള്‍ബോയ്, ബോക്‌സി ഡിസൈന്‍ ഫിലോസഫിയാണ് തുടര്‍ന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാന്‍ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി മുന്‍വശത്ത് ഒട്ടനവധി മാറ്റങ്ങളുണ്ട്. ബി പില്ലറുകള്‍ വീതി കൂടിയതാണ്. ആദ്യ കാഴ്ചയില്‍ വാഹനത്തിന് വലിപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ തന്നെ പിന്നിലും അടിമുടി മാറ്റം വന്നിട്ടുണ്ട് . ബംബറിനോട് ചേര്‍ന്നാണ് ടെയില്‍ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറില്‍ ഇഗ്‌നിസിനു സമാനമായ ടാബ്‌ലെറ്റുകളുണ്ട്, കൂടുതല്‍ പ്രീമിയം ഫീല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറു ഹാച്ച് സെഗ്‌മെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ സ്‌റ്റൈലന്‍ വാഹനങ്ങളുടെ ഭീഷണിയെ ചെറുക്കുന്നതിനുമായി അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

Top