സംഘപരിവാര്‍ ഭീഷണി; വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കം ചെയ്ത് റെയില്‍വേ

തിരൂര്‍: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം മൂലം തിരൂര്‍ സ്റ്റേഷന്റെ ചുവരിലുളള ചരിത്രപ്രധാനമായ വാഗണ്‍ ട്രാജഡി ഓര്‍മ്മപ്പെടുത്തുന്ന ചിത്രം റെയിവേ അധികൃതര്‍ നീക്കം ചെയ്തു. റെയില്‍വേ സ്റ്റേഷനുകള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വരച്ച ചിത്രമാണ് ഇന്ന് നീക്കം ചെയ്തത്.

ബിജെപി തിരൂര്‍ മണ്ഡലം കമ്മറ്റി, പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചില സംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയിവേ അധികൃതര്‍ വ്യക്തമാക്കി.

വാഗണ്‍ ട്രാജഡി എന്നത് മലപ്പുറത്തെ മുസ്ലീങ്ങളുടെ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളപ്പെടുത്തലാണ്.

മലബാര്‍ കലാപത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണില്‍ അടച്ചിട്ടാണ് ജയിലുകളിലേക്ക് കൊണ്ടുപോയിരുന്നത്. 1921 നവംബര്‍ 17ന് ഇരുന്നൂറോളം തടവുകാരെ ഒരു വാഗണില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കോള്‍ക്കാമായിരുന്നു. കോയമ്പത്തൂരിനടുത്ത് പോത്തന്നൂരില്‍ വണ്ടിയെത്തിയപ്പോള്‍ വാഗണില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനെത്തുടര്‍ന്ന് പട്ടാളക്കാര്‍ വാഗണ്‍ തുറന്നു. ശ്വസം കിട്ടാതെ 64 ഓളം പേരാണ് അന്നു മരിച്ചത്.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലീമുകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. 1921 കലാപത്തിന്റെ വാര്‍ഷികം വരികയാണ്. ഇതിനെ വര്‍ഗ്ഗീയ ലഹളയായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനങ്ങളുണ്ട. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.

Top