wagons of goods train derailed

മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചരക്കുതീവണ്ടി പാളം തെറ്റി. മഹാരാഷ്ട്രയെ ഗുജറാത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി. നിരവധി തീവണ്ടികള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പല്‍ഗഡ് ജില്ലയിലെ ദഹാനു റോഡ് സ്‌റ്റേഷന് സമീപമാണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. ട്രെയിനിന്റെ ആറ് വാഗണുകള്‍ പാളം തെറ്റി.

മുംബൈ വഴിയുള്ള നിരവധി ദീര്‍ഘദൂര ട്രയിനുകള്‍ കടന്നുപോകുന്ന പാതയാണിത്. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നുപോകുന്ന നാല് ദീര്‍ഘദൂര തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, നിരവധി തീവണ്ടികള്‍ വഴിതിരിച്ചു വിട്ടിട്ടുമുണ്ട്.

തകരാറിലായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ഗതാഗതം പുനരാരംഭിക്കുമെന്നും റെയില്‍വെ അറിയിച്ചു. കേരളത്തില്‍ നിന്ന് ഗുജറാത്ത് വഴി പോകുന്ന ട്രെയിനുകളും വൈകും.

Top