ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ ഏത് ടീമിനെയും തോല്‍പിക്കാന്‍ പാകിസ്താനു കഴിയുമെന്ന് പാകിസ്താന്‍ മുന്‍ പേസര്‍ വഹാബ് റിയാസ്. ടി-20 എന്നാല്‍ ചില പന്തുകള്‍ക്കുള്ളില്‍ മാറിമറിയുന്ന ഫോര്‍മാറ്റ് ആണെന്നും നന്നായി കളിച്ചാല്‍ പാകിസ്താന് ഇന്ത്യയെ നിഷ്പ്രയാസം പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും വഹാബ് പറഞ്ഞു. പാക് പാഷനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ അഭിപ്രായപ്രകടനം.
‘തീര്‍ച്ചയായും അവര്‍ക്ക് അതിനുള്ള കഴിവുണ്ട്. പാക് താരങ്ങള്‍ കഴിവുള്ളവരാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ ഏത് ടീമിനെയും അവര്‍ക്ക് പരാജയപ്പെടുത്താനാവും. ഒരു ചെറിയ സംഭവത്തിലോ ചില പന്തുകള്‍ക്കുള്ളിലോ മാറിമറിയുന്ന ഫോര്‍മാറ്റാണ് ടി-20 ക്രിക്കറ്റ്. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലും അത് വ്യത്യാസമല്ല. നന്നായി കളിച്ചാല്‍, പാകിസ്താന് ഇന്ത്യയെ കീഴടക്കാം.”- റിയാസ് പറഞ്ഞു.
ഇത്തവണ ലോകകപ്പ് ജേതാക്കളാവാന്‍ പാകിസ്താനുള്ള സാധ്യത അധികമാണെന്നും വഹാബ് റിയാസ് പറഞ്ഞു. ”കളിക്കുന്ന വേദിയും സാഹചര്യങ്ങളും പരിഗണിച്ചാല്‍, പാകിസ്താന്‍ ടൂര്‍ണമെന്റ് വിജയിക്കാന്‍ നല്ല സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. പാകിസ്താന്‍ യുഎഇയില്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവര്‍ക്ക് സാഹചര്യങ്ങള്‍ പരിചയമുള്ളതാണ്. അവര്‍ക്ക് അത് ഉപയോഗിക്കാനായാല്‍ മെച്ചമാണ്.”- റിയാസ് കൂട്ടിച്ചേര്‍ത്തു.