ഇനി ഇഡി വരും പിന്നാലെ സിബിഐയും; കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ്

ലക്‌നൗ: സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ്. ഇപ്പോള്‍ ആദായ നികുതി വകുപ്പ് വന്നു, ഇനി ഇഡി വരും, സിബിഐ പിന്നാലെ വരും. എന്നാല്‍ സൈക്കിള്‍ (സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നം) നിര്‍ത്താന്‍ പോകുന്നില്ല. അതിന്റെ ചലനം നിലയ്ക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

ബിജെപിയെ യുപിയില്‍നിന്ന് തുടച്ചുനീക്കുമെന്നും, സംസ്ഥാനത്തെ ജനത്തെ മണ്ടന്‍മാരാക്കാന്‍ സാധിക്കില്ല. ഒരു മാസം മുന്‍പ് എന്തുകൊണ്ട് രാജീവ് റായ്‌ക്കെതിരെ റെയ്ഡ് നടന്നില്ലെന്നും അഖിലേഷ് യാദവ് ചോദിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ഈ പരിശോധനകള്‍. കോണ്‍ഗ്രസിന്റെ വഴിയേയാണ് ബിജെപിയും. നേരത്തേ കോണ്‍ഗ്രസിന് ആരെയെങ്കിലും ഭയപ്പെടുത്തണമെങ്കില്‍ അവര്‍ ഇങ്ങനെയാണ് ചെയ്തിരുന്നത്. ബിജെപി ഇപ്പോള്‍ അവരുടെ പാത പിന്തുടരുകയാണ്. ആദായ നികുതി വകുപ്പും തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ഭാഗമാകുകയാണെന്നും അഖിലേഷ് ആരോപിച്ചു.

സമാജ്വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ബന്ധുവുമായ രാജീവ് റായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കിഴക്കന്‍ യുപിയിലെ മൗ ജില്ലയിലുള്ള രാജീവിന്റെ വീട്ടിലേക്ക് ഇന്ന് രാവിലെ വാരാണസിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Top