രാജ്യത്തെ കോണ്‍ഗ്രസിനെ, തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായാണ് കെ.സി വേണുഗോപാല്‍ അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നെഹറുകുടുംബത്തില്‍ കെ.സി വേണുഗോപാല്‍ ഉണ്ടാക്കിയ സ്വാധീനമാണ് അദ്ദേഹത്തെ സംഘടനാ ജനറല്‍ സെക്രട്ടറി പദത്തിലും പിന്നീട് വര്‍ക്കിങ്ങ് കമ്മറ്റിയിലും എത്തിച്ചിരിക്കുന്നത്. മണിയടിച്ച് നേടിയ പദവി എന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ സ്ഥാനാരോഹണത്തെ വിശേഷിപ്പിക്കുന്നത്.മുന്‍പ് രമേശ് ചെന്നിത്തലയ്ക്കും ജി. കാര്‍ത്തികേയനും കീഴില്‍ കോണ്‍ഗ്രസ്സില്‍ മൂന്നാം ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ചെന്നിത്തല ‘ഐ’ ഗ്രൂപ്പ് പിടിച്ചെടുത്തപ്പോള്‍ ഐ ഗ്രൂപ്പില്‍ എത്തുകയും ചെയ്ത കെ.സി വേണുഗോപാല്‍ ഇന്ന് പദവി വച്ചു നോക്കുമ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസ്സില്‍ രണ്ടാമനാണ്. അഹമ്മദ് പട്ടേലും അശോക് ഗെലോട്ടും കൈകാര്യം ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച് കേരളത്തില്‍ കെ.സി ഗ്രൂപ്പുണ്ടാക്കി സംസ്ഥനത്തെ പാര്‍ട്ടിയില്‍ പിടി മുറുക്കാനാണ് കെ.സി നിലവില്‍ ശ്രമിക്കുന്നത്.
ഇതിന്റെ ആദ്യപടിയായി എ – ഐ ഗ്രൂപ്പുകളെ ശിഥിലമാക്കാന്‍ തന്ത്രപരമായ ഇടപെടലാണ് വേണുഗോപാല്‍ നടത്തിയിരിക്കുന്നത്. എ – ഐ ഗ്രൂപ്പുകളെ ധിക്കരിച്ച് , കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയതും വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും എ – ഐ ഗ്രൂപ്പുകളെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ തന്റെ ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ എന്ന് കരുതിയ കെ.സിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിച്ചാണ് സുധാകരനും സതീശനും സ്വന്തം നിലയ്ക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എ – ഐ ഗ്രൂപ്പുകളെ പൊളിക്കാനുള്ള കെ.സിയുടെ നീക്കവും നിലവില്‍ പാളിയിട്ടുണ്ട്. എ ഗ്രൂപ്പില്‍ നിന്നും ടി.സിദ്ധിഖ് , ഷാഫി പറമ്പില്‍ തുടങ്ങിയവരെ അടര്‍ത്തി മാറ്റിയിട്ടും ഉമ്മന്‍ചാണ്ടിയുടെ അഭാവമുണ്ടായിട്ടു പോലും ‘എ’ ഗ്രൂപ്പിനെ തകര്‍ക്കാന്‍ കെ.സിക്ക് കഴിഞ്ഞിട്ടില്ല.
രമേശ് ചെന്നിത്തലയെ തനിക്ക് കീഴില്‍ വര്‍ക്കിങ് കമ്മറ്റിയിലെ വെറും ക്ഷണിതാവായി കെ.സി വേണുഗോപാല്‍ ഒതുക്കിയിട്ടും ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും പ്രബല ശക്തികളായാണ് എ – ഐ ഗ്രൂപ്പുകള്‍ നില്‍ക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് ഒരു തിരിച്ചു വരവ് സ്വപ്നം മാത്രമായിരിക്കെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുന്‍പ് എ.കെ ആന്റണി ലാന്‍ഡ് ചെയ്തതു പോലെ കേരളത്തിലെത്തി മുഖ്യമന്ത്രിയാകുക എന്നതാണ് കെ.സി യുടെ മനസ്സലിരുപ്പ്.ഇതാണ് കെ.സിയുടെ അജണ്ടയെന്നത് എ – ഐ ഗ്രൂപ്പുകള്‍ക്കു മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ , കെ.സിയുടെ സകല നീക്കങ്ങളെയും ഗൗരവത്തോടു കൂടി തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളും നോക്കി കാണുന്നത്.കെ.സി യുടെ സാധ്യത തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അതിനുള്ള സുവര്‍ണ്ണാവസരമാണിപ്പോള്‍ വീണുകിട്ടിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കാനുള്ള സന്നദ്ധതയാണിപ്പോള്‍ കെ.സി അറിയിച്ചിരിക്കുന്നത്. ‘സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാര്‍ട്ടി തീരുമാനിച്ചാല്‍, താന്‍ മത്സരിക്കുന്നത് പരിഗണിക്കാമെന്നാണ് കെ.സി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ആഗ്രഹിച്ചതു തന്നെയാണ് ആലപ്പുഴയില്‍ ഇതോടെ സംഭവിക്കാന്‍ പോകുന്നത്. ആലപ്പുഴ മുന്‍ എം.പി കൂടിയായ കെ.സി വേണുഗോപാല്‍ , ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിനു വലിയ നാണക്കേടായി മാറും. സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടവനെ പിന്നെ മറ്റു സ്ഥാനങ്ങളിലേക്ക് പരിഗണിക്കാന്‍ പറ്റാത്ത അവസ്ഥയും അതോടെ സംജാതമാകും. ആലപ്പുഴയില്‍ കെ.സി തോറ്റാല്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരും . അതല്ലങ്കില്‍ മറ്റു നേതാക്കള്‍ രാജി ആവശ്യപ്പെടും. നെഹറു കുടുംബത്തിലെ കെ.സിയുടെ സ്വാധീനം സഹിക്കാന്‍ കഴിയാത്ത ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും നേതാക്കള്‍ അവരുടെ വിശ്വരൂപം കാണിക്കാന്‍ പോകുന്നതും കെ.സി ആലപ്പുഴയില്‍ പരാജയപ്പെട്ടാലാണ്. കേരളത്തിലെ ഗ്രൂപ്പ് നേതാക്കളും ആ നിമിഷത്തിനു വേണ്ടിയാണ് കാത്ത് നില്‍ക്കുന്നത്. ‘കെ.സിയെ തോല്‍പ്പിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കു’ എന്ന ഹാഷ്ടാഗ് പ്രചരണത്തിനു പോലും കെ.സി സ്ഥാനാര്‍ത്ഥിയായാല്‍ സാധ്യത ഉണ്ട്. അത്രയ്ക്കും പക കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ക്ക് കെ.സി യോടുണ്ട്.
ആലപ്പുഴയില്‍ മത്സരിക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും കെ.സി വേണുഗോപാല്‍ നോക്കിയെങ്കിലും കേരള ഘടകത്തിന്റെ ആവശ്യത്തെ രാഹുല്‍ ഗാന്ധിയും പിന്തുണച്ചതോടെയാണ് മത്സരിക്കാമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അജണ്ട എന്താണെന്നത് രാഹുല്‍ ഗാന്ധിക്ക് അറിയില്ലങ്കിലും കെ.സിക്ക് ഇപ്പോള്‍ നന്നായി അറിയാം. അതുകൊണ്ടു തന്നെ അവസാന നിമിഷവും പിന്‍മാറാന്‍ പറ്റുന്ന എല്ലാ അടവും കെ.സി പയറ്റുക തന്നെ ചെയ്യും. അതും ഉറപ്പാണ് 2019-ല്‍ 20-ല്‍ 19 സീറ്റും യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ഇടതുപക്ഷം വിജയിച്ച ഏക സീറ്റാണ് ആലപ്പുഴ. ഈ വിപ്ലവ മണ്ണില്‍ അട്ടിമറി വിജയം നേടുക എന്നത് കോണ്‍ഗ്രസ്സിന് എളുപ്പമുള്ള കാര്യവുമല്ല. സിറ്റിംഗ് എം.പിയായ എ.എം ആരിഫ് ആണ് രണ്ടാം ഊഴം ലക്ഷ്യമിട്ട് ആലപ്പുഴയില്‍ രംഗത്തിറങ്ങുന്നത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സകല സംഘടനാ സംവിധാനവും ഇതിനകം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. കെ.സി യാണ് ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ അദ്ദേഹത്തെ വിജയിപ്പിക്കേണ്ട ചുമതല പ്രധാനമായും രമേശ് ചെന്നിത്തലയ്ക്ക് ആയിരിക്കും. കെ.സിയുടെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ് . . .
EXPRESS KERALA VIEW