തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അതിനായി സംസ്ഥാനം കാത്തിരിക്കുകയാണ്.
ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം ഈ ഘട്ടത്തില്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.
രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടും. രോഗവ്യാപനം തടയുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ലോക്ക്ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ഈ നിലയില്‍ അധികം തുടരാനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല. മാര്‍ഗനിര്‍ദ്ദേശം വരുന്ന മുറയ്ക്ക് നിയന്ത്രണവിധേയമായി ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചര്‍ച്ച നടത്തുകയായിരുന്നു.
ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മതനേതാക്കള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.