വാളയാര്‍ കേസ്; സിബിഐ ഇന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണ സംഘം ഇന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. പാലക്കാട്ടെ ക്യാമ്പ് ഓഫീസില്‍ വെച്ചാകും മൊഴി എടുക്കുക. പെണ്‍കുട്ടികളുടെ അമ്മ, സാക്ഷികള്‍ എന്നിവരില്‍ നിന്നും ഇന്ന് തന്നെ വിവരങ്ങള്‍ ശേഖരിക്കും. ഇന്നലെ അന്വേഷണ സംഘം വാളയാര്‍ സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കുന്നത്. ജാമ്യത്തിലുളള പ്രതി മധു, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്തയാള്‍ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വാളയാറിലെ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ പാലക്കാട്ട് ക്യാംപ് ഓഫീസ് തുടങ്ങിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാര്‍ച്ച് 31ന് പാലക്കാട് പോക്‌സോ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാലു പ്രതികള്‍ക്കെതിരെ രണ്ട് എഫ്‌ഐആര്‍ ആയിരുന്നു സമര്‍പ്പിച്ചത്.

 

Top