നീതി തേടി വാളയാർ പെൺകുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നിൽ

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം അനുഷ്ഠിക്കും. കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നതാണ് ആവശ്യം. എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടതിനു കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് ഐ.എ.എസ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമരം. കൊച്ചിയിലും ഇവർ സമരം ചെയ്തിരുന്നു.

രാവിലെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സമരം ആരംഭിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന സമരം വൈകിട്ട് നാലിന് സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ അഞ്ചു പേര്‍ മാത്രമാണ് സത്യാഗ്രഹമിരിക്കുന്നത്. ഗവർണറെ നേരിൽ കണ്ട് കുട്ടികളുടെ മാതാപിതാക്കൾ നിവേദനം നൽകുമെന്നും ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്‌ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.

മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസും പ്രോസിക്യൂഷനും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളിൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു.

Top