വാളയാര്‍: കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

തിരുവനന്തപുരം/പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.

എല്ലാ സഹായവും നല്‍കാമെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്നും അറിയിച്ചു.

‘ആവശ്യപ്പെടുന്നതെന്തും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞങ്ങള്‍ക്ക് നീതി വേണം. ഇനിയൊരു മക്കളും ഇത് പോലെ ആകാന്‍ പാടില്ല…മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ട്… പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു

പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ച പറ്റിയ കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

അതിനിടെ വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. കേസിന്റെ വിധി ഇതിനോടകം വന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹികസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരത്തില്‍ ഇന്ന് സംസ്ഥാന നേതാക്കളും പങ്കെടുക്കും.

Top