വാളയാര്‍ കേസ്; പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് എസ്.പി ശിവ വിക്രം

കൊച്ചി: വാളയാര്‍ പീഡന കേസിലെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പാലക്കാട് എസ്.പി ശിവ വിക്രം ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി. ഡി.വൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ കേസ് ആദ്യം അന്വേഷിച്ച എസ്.ഐ പി.സി ചാക്കോയ്ക്ക് വീഴ്ച സംഭവിച്ചെന്നുമാണ് എസ്.പി കമ്മീഷന് മൊഴി നല്‍കിയത്.

ആലുവയില്‍ നടന്ന സിറ്റിംഗിലാണ് എസ്.പി ശിവ വിക്രം ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ഹനീഫയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത്.വാളയാറില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിചാരണ ഘട്ടത്തിലാണോ, അന്വേഷണ ഘട്ടത്തിലാണോ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായതെന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാലക്കാട് എസ്.പി ശിവ വിക്രമില്‍ നിന്നും കമ്മീഷന്‍ ഇന്ന് മൊഴി എടുത്തത്.

ഈ മാസം 15ന് പാലക്കാട് നടക്കുന്ന സിറ്റിംഗോടെ കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകും. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാ പിതാക്കളെയും, പ്രോസിക്യൂട്ടര്‍മാരില്‍ ഒരാളായ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴി എടുക്കും. ഇതിന് ശേഷം ഉടന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ഹനീഫ അധ്യക്ഷനായ ഏകാംഗ കമ്മീഷന്റെ തീരുമാനം.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

Top