കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ധര്‍മ്മടത്ത് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. തെഞ്ഞെടുപ്പില്‍ ജയിക്കാനല്ല മത്സരിക്കുന്നതെന്നും തനിക്ക് നീതി നിഷേധം ഉണ്ടായതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
തനിക്ക് നേരിട്ട അനീതിയും പ്രയാസവും ധര്‍മ്മടത്ത് ജനങ്ങളോട് പറയുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. ഈ നീതി നിഷേധം എന്തിനാണെന്ന് ചോദിക്കാനുള്ള ഒരു അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതില്‍ സമര സമിതി തീരുമാനമെടുക്കുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
സിബിഐക്ക് കേസ് കൈമാറിയത് സമരത്തിന്റെ ഫലമാണ്. മക്കളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ തെറ്റുകാരാണെന്ന് കോടതിയും സര്‍ക്കാരും സമ്മതിക്കുന്നു. എന്നിട്ടും എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.