പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി അനുമതി നല്‍കി. കേസില്‍ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘം സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് പാലക്കാട് പോക്‌സോ കോടതിയുടേതാണ് നടപടി. പെണ്‍കുട്ടികളുടെ അമ്മയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജി വിധി പറയുന്നതിനായി അടുത്ത മാസം 30ലേക്ക് മാറ്റി. കേസില്‍ സിബിഐയുടെ നുണപരിശോധന ഹര്‍ജിക്കെതിരെ പ്രതിഭാഗം തടസ്സ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.
വാളയാര്‍ കേസില്‍ അഡ്വ. കെ പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയില്‍ എതിര്‍ത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാന്‍ കെ പി സതീശന്‍ ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്റെ ചുമതലകളില്‍ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.
2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.