പാലക്കാട്: വാളയാര്‍ക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.
കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായും പരാതിയില്‍ ആരോപിക്കുന്നു.
വിചാരണക്കോടതിയില്‍ നീതിയുക്തമായല്ല വിചാരണ നടന്നതെന്നും വിചാരണ നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അതുകൊണ്ട്തന്നെ കേസിന്റെ വിചാരണ വീണ്ടും നടത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കേസ് സി.ബി.ഐയെ കൊണ്ടു വീണ്ടും അന്വേഷിപ്പിക്കണമെന്നും അപ്പീലില്‍ പറയുന്നുണ്ട്.
വാളയാര്‍ കേസ് വളരെ ലാഘവത്തോടെയും മുന്‍വിധിയോടു കൂടിയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിച്ചെന്നും കൂടാതെ ജില്ലാ ശിശുക്ഷേമ സമിതിയും പ്രൊസിക്യുഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.