റെയിൽവെ ട്രാക്കിലൂടെ നടന്നു; ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ഇവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയപുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം.

ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നു. ട്രെയിൻ പോകുന്നതിനിടെ ഉണ്ടായ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും ഡാമുകൾ തുറന്നതും കാരണം റോഡുകളിൽ വെള്ളം നിറഞ്ഞിരുന്നു. ഇതുകാരണമാണ് ഇവർ റെയിൽവേ ട്രാക്കിലേക്ക് പോയത്.

തോട്ടിലുണ്ടായിരുന്ന കമ്പി കാലിൽ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്ക് കൂടുതൽ പരിക്കേൽക്കാൻ കാരണം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കിയാണ് ഇരുവരെയും തോട്ടിൽ നിന്നും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദേവികൃഷ്ണയെ രക്ഷിക്കാനായില്ല. ഫൗസിയയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Top