മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച് മുംബൈയില്‍ എത്തി. അഞ്ച് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം.
നാസിക്കില്‍ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ചില്‍ അര ലക്ഷത്തിലേറെ കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. മുംബൈ അതിര്‍ത്തിയില്‍ എത്തിയ റാലി സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
നാളെ സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നഗര സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപനത്തിന് ഒരു ലക്ഷത്തോളം കര്‍ഷകരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ വെളിപ്പെടുത്തി.
വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പാവപ്പെട്ടവരുടെ റേഷന്‍ സമ്ബ്രദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. വിളകള്‍ക്ക് താങ്ങുവില അനുവദിക്കുക. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക. നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക. കാര്‍ഷിക ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.
സി.പി.എം നേതൃത്വം നല്‍കുന്ന സമരത്തിന് എന്‍.ഡി.എ ഘടകകക്ഷിയും മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭരണ പങ്കാളിയുമായ ശിവസേന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേന നേതാവും മഹാരാഷ്ട്ര പി.ഡബ്ല്യൂ.ഡി മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ സമരക്കാരെ കണ്ട് പിന്തുണ അറിയിച്ചു. ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുടെ ദൂതന്‍ അഭിജിത് ജാദവും സമരക്കാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.