പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയം നഷ്ടമായേക്കുമെന്ന ഭീതിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

ന്ത്യയിലെ ഏറ്റവും പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയമായ വാംഖഡെ സ്റ്റേഡിയം നഷ്ടമായേക്കുമെന്ന ഭീതിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ വാംഖഡെ സ്റ്റേഡിയത്തിന്റെ ലീസ് പുതുക്കാത്തതും, ഫീസ് കുടിശികയും ആവശ്യപ്പെട്ട് കൊണ്ട് മുംബൈ സിറ്റി കളക്ടര്‍ ശിവാജി ജൊന്ദാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചതോടെയാണ് പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞിരിക്കുന്നത്.

120 കോടി രൂപയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സ്റ്റേഡിയം ഒഴിഞ്ഞ് കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു 2011 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ നടന്നത്. 33000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം 1975 ലാണ് പണികഴിപ്പിച്ചത്. സ്റ്റേഡിയം ഇരിക്കുന്ന സ്ഥലം മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് 50 വര്‍ഷത്തെ ലീസിനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്തത്. ഈ ലീസ് കാലാവധി 2018 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. അതേ സമയം സംഭവം വന്‍ വിവാദമാണെങ്കിലും ഇതേക്കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഭിപ്രായപ്രകടനങ്ങളൊന്നും ഇതേ വരെ നടത്തിയില്ല.

Top