കോട്ടയം: വൈദ്യുത മന്ത്രി എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മണിയുടെ സഹോദരന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കുമെന്നും എം ടി രമേശ് പറഞ്ഞു.
എം.എം. മണി എക്കാലത്തും പലവഴികളിലൂടെ കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കയ്യേറ്റക്കാരെ സഹായിക്കുന്നത് കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ടാണെന്നും രമേശ് ആരോപിച്ചു.
മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ബന്ധങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണം. കുരിശു കയ്യേറ്റത്തിന് പിന്നിലും സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ വ്യവസായ ബന്ധമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം മണിയെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഭൂമി കയ്യേറ്റത്തിലും പെമ്പിളൈ ഒരുമൈക്കും എതിരായ പ്രസ്താവനയിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ചതിനും മണിയെ മുഖ്യമന്ത്രി ന്യായീകരിക്കില്ലായിരുന്നുവെന്നും രമേശ് ആരോപിച്ചു.