ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ പ്രമുഖരായ 23 നേതാക്കള്‍ അയച്ച കത്തിന് മറുപടിയുമായി സോണിയ ഗാന്ധി. ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാന്‍ ആഗ്രഹിക്കുകയാണെന്നും പാര്‍ട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചുവെന്നും ഇടക്കാല പ്രസിഡന്റിന്റെ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായെന്നും സോണിയ പറഞ്ഞു.
തിങ്കളാഴ്ചയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. നേതാക്കളുടെ കത്തില്‍ ഉന്നയിച്ച സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം ഗുലാം നബി ആസാദുമായി സോണിയ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്.
പാര്‍ട്ടിയുടെ സംഘടന തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് ശശി തരൂര്‍, അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തില്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കള്‍ ഉണര്‍ത്തിയിരുന്നു.