കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ഒന്‍പതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും.
റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേര്‍ന്ന ലീഗ് നേതൃയോഗം രൂപം നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളില്‍ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.
സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ തിങ്കളാഴ്ച ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹ്മാന്‍ കല്ലായി (കാസര്‍ഗോഡ്), എന്‍.എ നെല്ലിക്കുന്ന്(കണ്ണൂര്‍), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്മാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.