കണ്ണൂര്‍: വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലീമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുസ്ലിം മതസംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകള്‍ക്ക് പ്രശ്‌നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്‌നം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും ബിജെപിയും കൂട്ടുകെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. അയ്യോ ഒന്നും ഇവിടെ നടപ്പാക്കാന്‍ പാടില്ലെന്ന നിപാടാണിവര്‍ക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പുതിയ നിക്ഷേപങ്ങള്‍ നാട്ടില്‍ വരാനുള്ള സൗകര്യം കേരളത്തില്‍ ഉണ്ടാക്കണം. അതിന് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. സര്‍ക്കാര്‍ അതിന് മികച്ച പ്രാധാന്യം നല്‍കുന്നുണ്ട്. പരമ ദരിദ്രരെ അതില്‍ നിന്ന് മോചിപ്പിക്കണം. ദരിദ്രരെ കൃത്യമായി അടയാളപ്പെടുത്തണം. അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്ത് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ നേരത്തെ നഗരങ്ങള്‍ കേന്ദീകരിച്ചായിരുന്നു നടന്നിരുന്നത്. ഇതിപ്പോള്‍ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പട്ടിക ജാതി – വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നു. ഉത്തര്‍പ്രദേശില്‍ ദളിതര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കെതിരെയും ആക്രമണം ഉണ്ടാവുന്നുണ്ട്. ഈ ആക്രമണങ്ങളെയെല്ലാം സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.