യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാർ, ഭയന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

മോസ്‌കോ: യുദ്ധം ഏതു നിമിഷവും ആരംഭിക്കുമെന്ന ഭീതിയില്‍ യുക്രൈന്‍. യുക്രൈനു നേര്‍ക്ക് റഷ്യയുടെ സൈനിക നീക്കം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ മേല്‍നോട്ടത്തില്‍ റഷ്യന്‍ സേന അഭ്യാസങ്ങള്‍ നടത്തുകയും, സൈനികാഭ്യാസം വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ബലാറസില്‍ റഷ്യയുടെ 30,000 ട്രൂപ്പുകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളതായി നാറ്റോ ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യയുടെ സൈനിക നീക്കത്തെക്കുറിച്ച് തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കുന്ന അമേരിക്ക, യുക്രൈനിന്റെ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈന്യം കൂട്ടത്തോടെ എത്തിയതായും ആക്രമിക്കാന്‍ പൂര്‍ണസജ്ജരായിക്കഴിഞ്ഞതായും വ്യക്തമാക്കുന്നു. ഇക്കാര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയാണ്. യുദ്ധമൊഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്നാണ് മാക്രോണിന്റെ ഓഫീസ് ചര്‍ച്ചയെ വിശേഷിപ്പിച്ചത്.

എപ്പോള്‍ വേണമെങ്കിലും റഷ്യക്ക് യുക്രൈനിന്‍ ആക്രമണം നടത്താന്‍ കഴിയുമെന്നാണ് അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഉന്നതതല യോഗം വിളിച്ചു. റഷ്യ ഈ പ്രദേശത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ കുറച്ചതിന് തെളിവുകളൊന്നുമില്ലെന്നും സ്ഥിതി ‘ഗുരുതരമായി’ തന്നെ തുടരുകയാണെന്നും ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, യുക്രൈയിനിലുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഏറ്റവും അടുത്ത് ലഭ്യമായ ഫ്‌ളൈറ്റില്‍ അടിയന്തര ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യുക്രൈയിന്‍ വിടണമെന്ന് എംബസി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ സമൂഹമാദ്ധ്യമങ്ങള്‍ പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

Top