ചെന്നൈ : കരുണാനിധിയുടെ മരണത്തിനു പിന്നാലെ ഡി.എം.കെയില്‍ മക്കള്‍ പോര്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ എം.കെ അളഗിരിയാണ് സഹോദരന്‍ സ്റ്റാലിന് എതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പിതാവിന്റെ പിന്‍ഗാമിയാകാന്‍ സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്ന അളഗിരിയുടെ പ്രതികരണം ഡി.എം.കെ അണികളെ ഞെട്ടിച്ചിരിക്കുകയാണ്.
കരുണാനിധിയുടെ വിയോഗത്തോടെ ഉണ്ടായ സഹതാപ തരംഗത്തില്‍ ഡി.എം.കെ നേട്ടം കൊയ്യുമെന്ന് ഭയന്ന ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ് അളഗരിയുടെ ഇപ്പോഴത്തെ നീക്കം.
അളഗരിയെ ഒപ്പം നിര്‍ത്തി ഡി.എം.കെയെ പിളര്‍ത്താന്‍ പറ്റുമോ എന്നതാണ് ഇരു പാര്‍ട്ടികളും ഇപ്പോള്‍ ശ്രമിക്കുന്നത്.
ജയലളിതയുടെ മരണത്തോടെ നാഥനില്ലാത്ത അവസ്ഥയിലായ അണ്ണാ ഡി.എം.കെ തലപ്പത്ത് രജനീകാന്തിനെ അവരോധിച്ച് തമിഴക ഭരണം പിടിക്കണമെന്നതാണ് സംഘ പരിവാര്‍ താല്‍പ്പര്യം.
രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച രജനി ഇതുവരെയും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാത്തത് ഈ നിര്‍ദ്ദേശം പരിഗണനയില്‍ ഉള്ളതു കൊണ്ടാണെന്നും പറയപ്പെടുന്നു.
സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ച് ഭരണം പിടിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് രജനിയെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ട്. അണ്ണാ ഡി.എം.കെക്ക് ശക്തമായ സംഘടനാ സംവിധാനവും അനുഭവസമ്പത്തുള്ള നേതാക്കള്‍ ഉള്ളതിനാലും ഈ മാര്‍ഗ്ഗം ആയിരിക്കും ഉചിതമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
രജനി കൂടെ ഇല്ലങ്കില്‍ പൊടി പോലും കാണില്ലന്ന് ബി.ജെ.പി നേതൃത്വം അണ്ണാ ഡി.എം.കെക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
രജനി ആണെങ്കില്‍ അഴിമതി ആരോപണ വിധേയരെയും ക്രിമിനല്‍ കേസില്‍ പ്രതികളായവരെയും മാറ്റി നിര്‍ത്തി പുതിയ ടീമിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ്. ഇരു വിഭാഗം തമ്മിലുള്ള ഈ ഭിന്നതയാണ് രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം വൈകിക്കാന്‍ ഇടയാക്കുന്നതെന്നാണ് തമിഴകത്തെ റിപ്പോര്‍ട്ട്.
ജനറല്‍ മീറ്റിങ്ങ് വിളിച്ച് സ്റ്റാലിനെ കരുണാനിധിയുടെ പിന്‍ഗാമിയാക്കി വാഴിക്കാനുള്ള നീക്കത്തിനെതിരെ സകല ശക്തിയും ഉപയോഗിച്ചാണ് അളഗിരി എതിര്‍ക്കുന്നത്.
കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മുത്ത മകനാണ് അളഗിരി , സ്റ്റാലിന്‍ ഇളയ മകനും. മറ്റൊരു ഭാര്യയില്‍ പിറന്ന കനിമൊഴി ഏതു പക്ഷത്ത് നില്‍ക്കുമെന്നതും തമിഴകം ഉറ്റു നോക്കുകയാണ്.
നിലവില്‍ എം.പിയായ കനിമൊഴിയാണ് ഡി.എം.കെയുടെ ഡല്‍ഹിയിലെ ശബ്ദം. മധുര ഉള്‍പ്പെടെയുള്ള സൗത്ത് സോണില്‍ ഡി.എം.കെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായിരുന്ന അളഗിരിയെ സ്റ്റാലിനുമായുള്ള പോരിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പുറത്താണെങ്കിലും ഈ മേഖലയില്‍ വലിയ സ്വാധീനം ഇപ്പോഴും അളഗിരിക്കുണ്ട്. ഇതു തന്നെയാണ് ഡി.എം.കെ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.
മിതവാദിയാണ് സ്റ്റാലിനെങ്കില്‍ അളഗിരി കടുത്ത തീവ്ര നിലപാടുകാരനാണ്. ഏത് വിഷയത്തിലും ഇടപെട്ട് ശക്തമായി കൂടെ നില്‍ക്കുമെന്നതിനാല്‍ സൗത്ത് സോണില്‍പ്പെട്ട ജില്ലകളിലെ ഡി.എം.കെ കേഡര്‍മാര്‍ക്ക് പ്രിയങ്കരനാണ് അളഗിരി.
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ്സും ഡി.എം.കെയിലെ സംഭവ വികാസങ്ങളെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. തമിഴകത്ത് ഡി.എം.കെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്സ്. 39 ലോക്‌സഭ സീറ്റുകളാണ് ഇവിടെ നിന്നുമുള്ളത്.
ബി.ജെ.പി അവസരം മുതലെടുത്ത് ഡി.എം.കെയെ പിളര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ എം.കെ സ്റ്റാലിനുമായും കനിമൊഴിയുമായും നിരന്തരം കോണ്‍ഗ്രസ്സ് നേതാക്കള്‍ ബന്ധപ്പെട്ടു വരികയാണ്.
‘മക്കള്‍ നീതി മയ്യം’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടന്‍ കമല്‍ ഹാസന്‍ , വൈകോയുടെ എം.ഡി.എം.കെ, സി.പി.എം, സി.പി.ഐ, പട്ടാളി മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളും ഡി.എം.കെയിലെ സംഭവ വികാസങ്ങളില്‍ അമ്പരന്നിരിക്കുകയാണ്.
റിപ്പോര്‍ട്ട് : ടി അരുൺകുമാർ