യുകെ: യുദ്ധങ്ങളും അവയുടെ പ്രത്യാഘാതങ്ങളും മൂലം ഓരോ വര്‍ഷവും മരണപ്പെടുന്നത് ഒരു ലക്ഷത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്. പട്ടിണി, ആശുപത്രികളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നാശം, ആരോഗ്യപരിരക്ഷ കിട്ടാനുള്ള ബുദ്ധിമുട്ട്, ശുചീകരണം, സഹായം നിഷേധിക്കല്‍ എന്നിവയെല്ലാം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നുവെന്ന്’സേവ് ദ ചില്‍ഡ്രണ്‍ ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധവും അതിന്റെ വിനാശവും ഏറ്റവും കൂടുതല്‍ ദുരിതം സമ്മാനിക്കുന്നത് കുട്ടികള്‍ക്കാണ്. യുദ്ധവും കലാപങ്ങളും രൂക്ഷമായ പത്ത് രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ 550,000 കുട്ടികള്‍ മരിച്ചതായാണ് സൂചിപ്പിക്കുന്നത്. 2013 മുതല്‍ 2017 വരെയുള്ള കണക്കുകളാണിത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളെ അപേക്ഷിച്ച് കുട്ടികള്‍ അരക്ഷിതമായ അവസ്ഥയിലാണ് ഇപ്പോള്‍ കഴിയുന്നത്. സായുധ സംഘടനകള്‍ കുട്ടികളെ ഉപയോഗിക്കുന്നതു മൂലവും അവര്‍ മരണപ്പെടുകയയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗിക അതിക്രമത്തിന് ഉപയോഗിക്കുന്നതും പതിവാകുന്നു. അഞ്ചില്‍ ഒരു കുട്ടി സംഘര്‍ഷ മേഖലയില്‍ കഴിയുന്നുവെന്നാണ് സംഘടനയുടെ സിഇഒ ഹെല്ലെ തോര്‍ണിംഗ്-സ്വമിഡ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ‘സേവ് ദ ചില്‍ഡ്രണ്‍ ഇന്റര്‍നാഷണല്‍’ അവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യുദ്ധത്തില്‍ കൊല്ലപ്പെടുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി എന്നും അവര്‍ ചൂണ്ടിക്കാട്ടി.
2017ല്‍ ഓസ്ലോയിലെ പീസ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 420 മില്യണ്‍ കുട്ടികള്‍, ലോകത്തുള്ള ആകെ കുട്ടികളുടെ എണ്ണത്തിന്റെ 18% സംഘര്‍ഷ മേഖലയില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 മില്യണ്‍ കൂടുതലുമാണ്.
അഫ്ഗാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സൊമാലിയ, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലാണ് കുട്ടികളുടെ കൂട്ടക്കുരുതി ഏറെയും നടക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 870,000 കടന്നുവെന്നും ഇവരില്‍ ഏറെയും അഞ്ചു വയസ്സില്‍ താഴളെ പ്രായമുള്ളവരാണെന്നും സംഘടന വ്യക്തമാക്കുന്നു.
കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്. സൈനിക സേവനത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആക്കണമെന്നും ജനസാന്ദ്രതയേറിയ മേഖലയില്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇവര്‍ പറയുന്നു. കുട്ടികളുടെ മരണനിരക്ക് ഉയര്‍ന്നുവരുന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്നും സംഘടന വ്യക്തമാക്കുന്നു.