ഹൈദരാബാദ്: യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തില്‍ സഹായിയായി പ്രവര്‍ത്തിച്ച് മരിച്ച മുഹമ്മദ് അസ്ഫാന്റെ മരണത്തില്‍ പ്രതികരണവുമായി സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ രംഗത്ത്. യുദ്ധത്തില്‍ അഫ്‌സാന്‍ കൊല്ലപ്പെട്ടതിന് എന്താണ് തെളിവെന്ന് ഇമ്രാന്‍ ചോദിച്ചു. സഹോദരന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് എന്താണ് തെളിവെന്നും അന്വേഷിച്ചു കൊണ്ട് റഷ്യന്‍ എംബസ്സിക്കാണ് ഇമ്രാന്‍ പ്രതികരണം അയച്ചത്. ഹൈദരാബാദ് സ്വദേശിയായ 30കാരന്‍ മുഹമ്മദ് അസ്ഫാന്‍ ആണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ 23കാരന്‍ ഹാമില്‍ മംഗുകിയ എന്ന യുവാവും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പഞ്ചാബ്, കാശ്മീര്‍, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ റഷ്യയില്‍ കുടുങ്ങിയതായി സ്ഥിരീകരണമുണ്ടായിരുന്നു. യൂട്യൂബ് ചാനലിലെ ജോലി വാഗ്ദാന വീഡിയോ കണ്ട് റഷ്യയില്‍ എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര വക്താവ് പറഞ്ഞിരുന്നു.”എനിക്കൊപ്പം പഞ്ചാബില്‍ നിന്നുള്ള ഏഴു പേരാണ് കുടുങ്ങി കിടക്കുന്നത്. ഡിസംബര്‍ 27ന് പുതുവര്‍ഷത്തിനായി വിനോദസഞ്ചാരികളായാണ് റഷ്യയിലെത്തിയത്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായിച്ച ഒരു ഏജന്റ്, ഞങ്ങളെ ബെലാറസിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ബെലാറസില്‍ എത്തിയപ്പോള്‍ ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലാത്തതിനാല്‍ അയാള്‍ ഞങ്ങളെ ഒരു ഹൈവേയില്‍ ഉപേക്ഷിച്ചു. പിന്നാലെ എത്തിയ പൊലീസ് ഞങ്ങളെ പിടികൂടി റഷ്യന്‍ സൈന്യത്തിന് കൈമാറി. അവര്‍ ഒരു അജ്ഞാത സ്ഥലത്ത് നാല് ദിവസം പൂട്ടിയിട്ടു. ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ സഹായികളായും ഡ്രൈവര്‍മാരായും പാചകക്കാരായും ജോലി ചെയ്യാനുള്ള കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ 10 വര്‍ഷം ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റ് വഴിയില്ലാത്തതിനാല്‍ ഞങ്ങള്‍ കരാറില്‍ ഒപ്പിട്ടു. തുടര്‍ന്ന് സൈനിക പരിശീലന കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. പിന്നീട് യുദ്ധത്തില്‍ മേഖലയിലേക്ക് കൊണ്ടുപോയി യുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും എംബസിയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”-യുവാവ് വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച അടഞ്ഞ ഒരു മുറിയില്‍ വച്ച് ചിത്രീകരിച്ച വീഡിയോയിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ഡിസംബര്‍ 31-നാണ് അഫ്സാന്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. രണ്ടു മക്കളും ഭാര്യയുമടങ്ങുന്നതാണ് അഫ്‌സാന്റെ കുടുംബം. ഒന്നര ലക്ഷം രൂപ വാ?ഗ്ദാനം ചെയ്താണ് റിക്രൂട്ടിംഗ് ഏജന്‍സി അഫ്‌സാനെ റഷ്യയിലേക്ക് കൊണ്ടുപോകുന്നത്. ഹെല്‍പ്പര്‍ ജോലിക്കായാണ് കൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ യുക്രൈനുമായുള്ള യുദ്ധത്തിനായി നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഏഴു പേരാണ് രംഗത്തെത്തിയത്. പഞ്ചാബ് സ്വദേശി രവ്നീത് സിംഗ് എന്ന യുവാവും സംഘവുമാണ് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടത്.സഹോദരന്റെ മരണത്തില്‍ തെളിവായി മരണ സര്‍ട്ടിഫിക്കറ്റ് വേണം. അസ്ഫാനെക്കുറിച്ചുള്ള ഈ വാര്‍ത്ത ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും. റഷ്യയില്‍ നിന്ന് എന്തെങ്കിലും തെളിവുകളോ ഏതെങ്കിലും അംഗീകൃത സര്‍ട്ടിഫിക്കറ്റോ ഉണ്ടോ എന്ന് ഇമ്രാന്‍ മോസ്‌കോയിലേക്കെഴുതിയ മറുപടിയില്‍ ചോദിച്ചു. മോസ്‌കോ എംബസ്സിയില്‍ നിന്ന് വിളിച്ച് സഹോദരന്‍ മരിച്ചുവെന്ന് അറിയിച്ചു. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്റ് തന്റെ സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് പറയുന്നത്.