തിരുവനന്തപുരം: പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും അവര്‍ വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ഒരുക്കണമെന്നും അതിനായി സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വാര്‍ഡ് തല സമിതി നിരീക്ഷിക്കുകയും വേണം. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തണം.അതിര്‍ത്തിയില്‍ നടക്കുന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കണം.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാര്‍ഡ്തല സമിതികള്‍ ചെയ്തുകൊടുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.