ഒടിയന് പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും ആരാധകര്‍; വീഡിയോ കാണാം

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒക്ടോബര്‍ 11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ അതിനു മുമ്പേ ചിത്രത്തിന്റെ പോസ്റ്ററിന് പാലഭിഷേകം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഒടിയന്റെ വരവിനെ പടക്കം പൊട്ടിച്ച് ഉത്സവമാക്കി മാറ്റുകയാണ് ഇവര്‍. കോട്ടയം അഭിലാഷ് തിയറ്ററിനു മുമ്പില്‍ ഒടിയന്‍ പോസ്റ്റര്‍ സ്ഥാപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

റിലീസ് ദിവസം രാവിലെ ഏഴ് മണി ഒമ്പത് മിനിറ്റിനാണ് ഷോ ആരംഭിക്കുന്നത്. മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ ബുക്കിങ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 300 തിയറ്ററുകളിലെങ്കിലും ഒടിയന്‍ എത്തിക്കുമെന്നാണ് സൂചന. 250 സെന്ററിലെന്നാണ് ഇപ്പോഴത്തെ നിലപാട്. മാത്രമല്ല കേരളത്തില്‍ മാത്രം 604 സ്‌ക്രീനുകളാണുള്ളത്. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.

ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്. മാത്രമല്ല, 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവുപം താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

Top