കോഴിക്കോട്: ചൂട് കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ഒരു മാസം മുന്‍പ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് ഇപ്പോള്‍ വില 240 ആണ്. വില കൂടിയതോടെ കടകളില്‍ ഇറച്ചി വില്‍പന കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
എന്നാല്‍ അവസരം മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവക്കാര്‍ പറയുന്നത്. ഉത്പാദനം കൂടിയില്ലെങ്കില്‍ ഇറച്ചിവില ഇനിയും കൂടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന റംസാന്‍ കാലത്തെയും അത് ബാധിക്കുമെന്നുറപ്പ്.
കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകള്‍ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്.