വിമര്‍ശിച്ചാല്‍ കടക്ക് പുറത്ത്; സിനിമാ നിരൂപകര്‍ക്ക് മുന്നറിയിപ്പുമായി തമിഴ് നിര്‍മ്മാതാക്കള്‍

ചെന്നൈ: സിനിമകളെ ഇനി അങ്ങനെ വിമര്‍ശിക്കാന്‍ പാടില്ല. സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകരെ സിനിമാ ചടങ്ങുകളില്‍ നിന്ന് വിലക്കാനും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഒരുങ്ങി തമിഴ്‌നാട് പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍. പല മാധ്യമങ്ങളിലൂടെയും സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണങ്ങല്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സിനിമകളെയും അഭിനേതാക്കളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളില്‍നിന്നും വിലക്കണമെന്നാണ് നിലപാട്. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം.

റിവ്യൂ എന്ന പേരില്‍ സിനിമയെയും അഭിനേതാക്കളെയും സംവിധായകരെയും തരംതാഴ്ത്തി കാണിക്കുന്നതും ഡീഗ്രേഡ് ചെയ്യുന്നതും സിനിമയെ വ്യാവസായികമായി ബാധിക്കുന്നു എന്ന് യോഗം വിലയിരുത്തി. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യെമെന്നും യോഗം വ്യക്തമാക്കി.

പൂജ, പ്രസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളോ, പ്രതിഫലമോ നല്‍കില്ലെന്നും തീരുമാനിച്ചു. ഇത്തരം പരിപാടികളില്‍ ചായയും ചെറുപലഹാരങ്ങളും മാത്രം നല്‍കിയാല്‍ മതിയെന്നും സംഘടന തീരുമാനമായി.

Top