സി.ഇ.ആര്‍.ടിയുടെ മുന്നറിയിപ്പ്; ഐഫോണടക്കം ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം

പ്പിള്‍ ഉത്പന്നങ്ങളില്‍ ഒന്നിലധികം സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി-ഇന്‍) രംഗത്തെത്തിയിരിക്കുന്നു. ഐഫോണും, വാച്ചും ഉള്‍പ്പെടെയുള്ള നിരവധി ആപ്പിള്‍ പ്രോഡക്ടുകളെ തകരാറിലാക്കാന്‍ ശേഷിയുള്ള അതീവ്രതയിലുള്ള സുരക്ഷാ പിഴവായാണ് സി.ഇ.ആര്‍.ടി അവയെ അടയാളപ്പെടുത്തുന്നത്.

ഐ.ഒ.എസ് 16.7ന് (IOS 16.7) മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് പ്രധാനമായും ഈ സുരക്ഷാപിഴവുകള്‍ ചൂഷണം ചെയ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ സൈബര്‍ കുറ്റവാളികളെ ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഡിവൈസുകളില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനോ അനുവദിച്ചേക്കുമെന്നും സി.ഇ.ആര്‍.ടി അറിയിച്ചു.

ഹാക്കിങ്, ഫിഷിങ് എന്നിവയടക്കമുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിനും അത്തരം പ്രതിസന്ധികളില്‍ നിന്ന് സൈബര്‍സ്പേസ് സംരക്ഷിക്കാനുമുള്ള ഫെഡറല്‍ ടെക്നോളജി വിഭാഗമാണ് സി.ഇ.ആര്‍.ടി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് വിവിധ പ്ലാറ്റ്‌ഫോമുകള്‍ നേരിടുന്ന സുരക്ഷാ പിഴവുകളെ കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ സിഇആര്‍ടി-ഇന്‍ പുറപ്പെടുവിക്കാറുണ്ട്.

ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ക്ക് കാരണം സെക്യൂരിറ്റി ഘടകത്തിലെ സര്‍ട്ടിഫിക്കറ്റ് വാലിഡേഷന്‍ പിശകും, കേര്‍ണലിലെ പ്രശ്‌നങ്ങളും, വെബ്കിറ്റ് (WebKit) ഘടകത്തിലെ പിശകുകളുമാണെന്ന് സി.ഇ.ആര്‍.ടി വിശദീകരിച്ചു. പ്രത്യേകമായി തയ്യാറാക്കിയ റിക്വസ്റ്റുകള്‍ അയച്ചുകൊണ്ട് ഒരു സൈബര്‍ അറ്റാകറിന് ഈ പിഴവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.

Top