രാജ്യത്ത് നാല് നഗരങ്ങളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

ദില്ലി: രാജ്യത്ത് നാല് നഗരങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദില്ലി, ആഗ്ര, മീററ്റ്, ഹരിയാന എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഏപ്രിൽ 17 മുതൽ രാജ്യതലസ്ഥാനത്ത് ആശ്വസത്തിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ദില്ലിയിലെ താപനില എപ്രിൽ 17 മുതൽ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ദില്ലി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം 30 മുതൽ 40 കി മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നും അറിയിച്ചിട്ടുണ്ട്.

Top